മുംബൈ: വൈഭവ് സൂര്യവംശി എന്ന കൗമാര താരത്തിന്റെ വരവോടെ ഇന്ത്യൻ ടി20 ടീമിലെ സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യമുയർത്തി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്. ടി20 ലോകകപ്പ് കിരീടനേട്ടത്തിൽ ഇന്ത്യയുടെ പ്ലെയർ ഓഫ് ദ ടൂർണമെന്റായിരുന്ന സഞ്ജു ഇപ്പോഴും ടീമിന് പ്രധാനപ്പെട്ട താരമാണെന്ന് വ്യക്തമാക്കിയതിനൊപ്പമാണ് കാർത്തിക് ടീമിന്റെ ബാറ്റിങ് ക്രമത്തെക്കുറിച്ചും സഞ്ജുവിനെ എവിടെ ഉൾപ്പെടുത്തുമെന്നതിനെക്കുറിച്ചും ചോദിച്ചത്.
“ബാറ്റിങ് ഓർഡർ എങ്ങനെയായിരിക്കും? വൈഭവ് സൂര്യവംശി എവിടെയാണ് നിൽക്കുന്നത്? സഞ്ജു സാംസണിന്റെ കാര്യമോ? അദ്ദേഹത്തെ ടീമിൽ എങ്ങനെയാണ് ഉൾപ്പെടുത്തുക? ലോകകപ്പിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമായിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇപ്പോൾ സഞ്ജുവിന്റെ സ്ഥാനം എവിടെയാണ്?” ഇൻസ്റ്റഗ്രാമിൽ കാർത്തിക് ചോദിച്ചു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ഇതോടെ ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ സഞ്ജു തിരിച്ചെത്തിയെങ്കിലും സിംബാബ്‌വെയിലേക്കുള്ള മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുന്നതിനിടെ ടീമിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി വ്യക്തമായൊരു ടീമിന്റെ സ്വത്വം രൂപപ്പെടുത്തുകയാണെന്നും കാർത്തിക് ചൂണ്ടിക്കാട്ടി. ജൂണിൽ സൂര്യകുമാർ യാദവിൽ നിന്ന് ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യ പുതിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
“ഈ ഇന്ത്യൻ ടി20 ടീം അവരുടെ ഐഡന്റിറ്റി എന്താണെന്ന് മനസ്സിലാക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പുതിയ ക്യാപ്റ്റൻ, പുതിയ വൈസ് ക്യാപ്റ്റൻ. അയർലൻഡിലോ, ഇംഗ്ലണ്ടിലോ അവർക്ക് ഫലം നേടാനായില്ല. അവിടെ ഇന്ത്യ പൂർണമായും പരാജയപ്പെട്ടു. എന്താണ് വേണ്ടത്? അവരുടെ പദ്ധതി എന്താണ്? ബൗളിങ് എങ്ങനെയായിരിക്കും? ആരൊക്കെയാണ് നിങ്ങൾ വിശ്വസിക്കാൻ പോകുന്ന താരങ്ങൾ? ഇതെല്ലാം പരമ്പര ജയിക്കുന്നതിനെക്കുറിച്ച് മാത്രമല്ല. അഫ്ഗാനിസ്ഥാനെതിരായ ഈ പരമ്പരയിൽ നിന്ന് ഇന്ത്യക്ക് എന്താണ് ലഭിക്കേണ്ടതെന്ന് മനസിലാക്കുന്നതാണ് പ്രധാനമെന്നും” കാർത്തിക് പറഞ്ഞു.
അടുത്തിടെ അയർലൻഡിലും ഇംഗ്ലണ്ടിലും നടന്ന പരമ്പരകളിൽ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഈ സാഹചര്യത്തിൽ ടീമിന്റെ കോമ്പിനേഷൻ ഉറപ്പാക്കുന്നതിനുള്ള നിർണായക അവസരമായാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയെ കാണുന്നത്. സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും ഉൾപ്പെടെയുള്ള താരങ്ങളെ എങ്ങനെ ഒരുമിച്ച് ഉപയോഗിക്കണമെന്നത് ടീമിന്റെ പ്രധാന പരിഗണനകളിലൊന്നാകും.
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ന് ഏഴുമാണിക്ക് ന്യൂഡൽഹിയിലാണ് ആരംഭിക്കുന്നത്. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് ലഭിക്കുന്ന നിർണായക മത്സരപരിചയവും ഈ പരമ്പരയിലൂടെ ലഭിക്കും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യക്ക് പരമാവധി ഏഴ് ടി20 മത്സരങ്ങൾ കളിക്കാനുള്ള സാധ്യതയുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷം സെപ്റ്റംബർ 22ന് ജപ്പാനെതിരെ ഇന്ത്യ ഏക ടി20 മത്സരം കളിക്കും. തുടർന്ന് സെപ്റ്റംബർ 28ന് ഏഷ്യൻ ഗെയിംസിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇറങ്ങും. ക്വാർട്ടറിൽ വിജയിച്ചാൽ സെമിഫൈനലും തുടർന്ന് സ്വർണ മെഡൽ മത്സരവും ഇന്ത്യക്ക് കളിക്കേണ്ടിവരും. അതിനാൽ തന്നെ വരാനിരിക്കുന്ന മത്സരങ്ങൾ മികച്ച ടീമിന്റെ കോമ്പിനേഷൻ കണ്ടെത്തുന്നതിനും ആരൊക്കെയാണ് ടീമിന്റെ സ്ഥിരം താരങ്ങളാകേണ്ടതെന്ന് തീരുമാനിക്കുന്നതിനും നിർണായകമാകും.






