കുന്നോത്ത്∙ സോഡിയം കുറഞ്ഞതിനെ തുടർന്ന് ക്ലാസ് മുറിയിൽ തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയ്‌ക്കെതിരെ നടപടി. കണ്ണൂർ കുന്നോത്തെ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലാണ് സംഭവം. ഈ മാസം എട്ടിനാണ് കുട്ടി ക്ലാസ് മുറിയിൽ തളർന്നുവീണത്.
സോഡിയം കുറഞ്ഞതിനെ തുടർന്ന് നേരത്തെയും തലകറങ്ങി വീണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ള വിദ്യാർഥിനിയാണ് അധ്യാപികയുടെ ഭാഗത്തുനിന്ന് ദുരനുഭവം നേരിട്ടതെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടി തലകറങ്ങി വീണ വിവരം അറിയിക്കാൻ സഹപാഠികൾ എത്തിയപ്പോൾ, കുട്ടി തന്നെ വന്ന് വിവരം പറയട്ടെയെന്നായിരുന്നു ക്ലാസ് ടീച്ചറായ സിസ്റ്റർ ലിന്റോ ജോസിന്റെ പ്രതികരണമെന്നാണ് ആരോപണം.
തുടർന്ന് ക്ലാസ് മുറിയിലെത്തിയ അധ്യാപിക താഴെ വീണുകിടന്ന കുട്ടിയെ സഹപാഠികളുടെ മുന്നിൽവച്ച് ചവിട്ടുകയും ‘ചത്തിട്ടില്ലേ’ എന്ന് ചോദിക്കുകയും ചെയ്തതായാണ് രക്ഷിതാക്കൾ പരാതിയിൽ പറയുന്നത്.
പരാതിയെ തുടർന്ന് അധ്യാപികയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതായി പ്രധാനാധ്യാപകൻ ബിജു കെ.ജെ. ഓൺലൈനിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ രക്ഷിതാക്കൾ പ്രധാനാധ്യാപകന് പരാതി നൽകുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം, സംഭവത്തിൽ തനിക്ക് പറ്റിയ വീഴ്ചകൾ അധ്യാപിക സമ്മതിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. കുട്ടിയെ മർദിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക അവകാശപ്പെട്ടു.






