മസ്‌കത്ത്: ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെയും (28) മലപ്പുറം സ്വദേശി ശരത്തിനെയുമാണ് (29) വ്യത്യസ്ത ദിവസങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.
റൂവി ഹംരിയയിൽ വ്യാഴാഴ്ചയാണ് കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പേയിലിലെ ചോക്ലേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജനീഷ് നാല് മാസം മുൻപ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് താൽക്കാലിക വീസയിൽ ഒമാനിൽ തിരിച്ചെത്തി ജോലി അന്വേഷിക്കുകയായിരുന്നു. വാദി കബീറിലായിരുന്നു താമസം.
ഓഗസ്റ്റ് 31ന് താമസിച്ചിരുന്ന മുറി ഒഴിഞ്ഞ് ബാഗുമായി പോയ ജനീഷിനെ പിന്നീട് ഹംരിയയിലെ ഒരു കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ റോയൽ ഒമാൻ പൊലീസ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി ശരത്തിനെ ശനിയാഴ്ച റൂവിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരത്തിന്റെ മരണാനന്തര നടപടികൾക്കായി സാമൂഹിക പ്രവർത്തകർ റോയൽ ഒമാൻ പൊലീസുമായി ബന്ധപ്പെടുന്നതിനിടെയാണ് ജനീഷ് ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനീഷ് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.






