ന്യൂഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി. സിലിണ്ടർ വീണ്ടും ബുക്ക് ചെയ്യാനുള്ള നിർബന്ധിത ഇടവേള കുറച്ച് കേന്ദ്രസർക്കാർ. ഇനി നഗര, ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തിന് ശേഷം ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാം. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.
നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു രണ്ട് ബുക്കിങ്ങുകൾക്കിടയിലെ നിർബന്ധിത ഇടവേള. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് എൽ.പി.ജി. ലഭ്യതയിൽ തടസ്സം നേരിട്ട സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിൽ ഇടവേള 45 ദിവസമാക്കിയത്.
എൽ.പി.ജി. വിതരണം ക്രമീകരിച്ച് എല്ലാ ഉപഭോക്താക്കൾക്കും സിലിണ്ടർ ലഭ്യമാക്കുന്നതിനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിലവിൽ വിതരണ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്കും നേരത്തേതിനെക്കാൾ 20 ദിവസം മുമ്പ് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനാകും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പുതിയ സംവിധാനം ഉടൻ നടപ്പാക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.






