മാവേലിക്കര: ആലപ്പുഴയിൽ ഒന്നരവയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. മാവേലിക്കര ചാരുംമൂട് വാത്തികുളങ്ങര വീട്ടിൽ അരുൺ കൃഷ്ണന്റെയും ആതിരയുടെയും മകൻ അഷർ കിർസാണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ 11.30ഓടെയായിരുന്നു സംഭവം. മുത്തച്ഛനൊപ്പം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ മൊബൈൽ ഫോണിൽ കോൾ വന്നതോടെ കുട്ടിയെ മുറ്റത്ത് നിർത്തി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി.
അൽപ്പസമയത്തിനുശേഷം തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായി. തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വെള്ളക്കെട്ടിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായി പോലീസ് പരിശോധനയും നടത്തി.






