ന്യൂഡൽഹി: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം നേടിയാൽ പ്രധാനമന്ത്രി പദവിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അവകാശവാദമുന്നയിക്കാൻ അവകാശമുണ്ടെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന് സ്വാഭാവികമായും ആ അവകാശമുണ്ടാകുമെന്നും എന്നാൽ പ്രധാനമന്ത്രി ആരാകണമെന്നത് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സഖ്യം വിജയിച്ചാൽ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സഖ്യകക്ഷികൾ പക്വതയോടെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എം.എ. ബേബി വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പിന് മുൻപ് നടത്തുന്നതിനോട് സി.പി.എമ്മിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
1996ലെ രാഷ്ട്രീയ സാഹചര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ എം.എ. ബേബി, യുണൈറ്റഡ് ഫ്രണ്ട് ഏറ്റവും വലിയ മുന്നണിയായപ്പോൾ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമോയെന്നത് സി.പി.എം. കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തിരുന്നുവെന്നും ഓർമിപ്പിച്ചു.
നിലവിലെ പാർട്ടി ശക്തി കണക്കിലെടുത്ത് സി.പി.എം. പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കുന്നത് യുക്തിസഹമല്ലെന്നാണ് ബേബിയുടെ നിലപാട്. അതിനാൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് മുന്നോട്ടുവരാൻ സ്വാഭാവിക അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി നേതൃത്വത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളിലേക്ക് സി.പി.എം. കടക്കാൻ ആഗ്രഹിക്കുന്നില്ല. തമിഴ്നാട്ടിൽ ബി.ജെ.പി. പരാജയപ്പെട്ടതിന് പിന്നാലെ സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ജോസഫ് വിജയ്‌യുടെ പേര് വരെ ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വിവാദ ചർച്ചകളിലേക്ക് കടക്കാൻ താത്പര്യമില്ലെന്നും എം.എ. ബേബി പറഞ്ഞു.
ആദ്യം പ്രതിപക്ഷം ഭൂരിപക്ഷം നേടുകയെന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. അതിന് ശേഷം മാത്രം പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






