തിരുവനന്തപുരം: തന്നെ KTDC ചെയർമാനാക്കാൻ യുഡിഎഫിൽ ധാരണയായെന്ന വാർത്ത ഫേക്കാണെന്ന് പിവി അൻവർ. 24-ന്യൂസിൽ മാത്രം വന്ന വാർത്ത തെറ്റാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ വാർത്ത താനോ, യുഡിഎഫിന്റെ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാക്കളോ ആയി യാതൊരു ബന്ധവുമില്ലാത്ത വാർത്തയാണ്. 24 ചാനൽ ഈ വാർത്ത കൊടുത്തപ്പോൾ ദീപക് ധർമ്മടം തനിക്ക് ഒരു അഭിനന്ദന സന്ദേശം അയക്കുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ താൻ അദ്ദേഹത്തിന് “ഫേക്ക് ന്യൂസ്” എന്ന് പറഞ്ഞ് മറുപടിയും കൊടുത്തതാണെന്നും അൻവർ കുറിച്ചു.
പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പിവി അൻവറിനെ KTDC ചെയർമാനാക്കാൻ യുഡിഎഫിൽ ധാരണയായത്രേ.!!!!
24-ന്യൂസിൽ മാത്രം വന്ന ഒരു വാർത്ത.
24 ന്യൂസിലെ ദീപക് “ധർമ്മടം” എന്റെ സുഹൃത്തായിരുന്നു.(ഇപ്പോൾ അങ്ങനെ ആണോ എന്ന് എനിക്കറിയില്ല.അത് അദ്ദേഹം തന്നെ പറയേണ്ടതാണ്)
ഈ വാർത്ത ഞാനോ യുഡിഎഫിന്റെ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാക്കളോ ആയി യാതൊരു ബന്ധവുമില്ലാത്ത വാർത്തയാണ്.24 ചാനൽ ഈ വാർത്ത കൊടുത്തപ്പോൾ ദീപക് ധർമ്മടം എനിക്ക് ഒരു അഭിനന്ദന സന്ദേശം അയക്കുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിന് “ഫേക്ക് ന്യൂസ്” എന്ന് പറഞ്ഞ് മറുപടിയും കൊടുത്തതാണ്.
ഇത്തരം സ്ഥാപിത താല്പര്യങ്ങളെ വെരിഫൈ ചെയ്യേണ്ട ഉത്തരവാദിത്തം 24 ന്യൂസിന്റെ മാനേജ്മെന്റിനുണ്ട് എന്ന് ഓർമ്മപ്പെടുത്തട്ടെ.മലയാളികൾക്ക് മാധ്യമപ്രവർത്തകർ എന്ന് പറയുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിൽ ഒന്നായ ശ്രീ .ശ്രീകണ്ഠൻ നായരുടെ ചാനലിൽ ഇത്തരത്തിൽ ഒരു വാർത്ത ചില സ്ഥാപിത താല്പര്യങ്ങളുടെ പേരിൽ മാത്രം വരാൻ പാടില്ലാത്തതായിരുന്നു.
ഈ അവസരത്തിൽ എനിക്ക് തോന്നുന്നത് സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട വാർത്തയും ദീപക് ധർമ്മടത്തിന്റെ സംഭാവന ആയിരുന്നോ എന്നുള്ളതാണ്. അങ്ങനെ തോന്നിയാൽ എന്നെ കുറ്റപ്പെടുത്താനാവുമോ?!!!
മാധ്യമപ്രവർത്തകർ എന്ന വാക്കിനെ രണ്ടക്ഷരത്തിലേക്ക് ചുരുക്കി വിളിക്കാൻ എന്നെ നിർബന്ധിതനാക്കരുത്.
സ്നേഹത്തോടെ പി വി അൻവർ.






