ഇൻഡോർ: രക്ഷാബന്ധൻ ദിനത്തിൽ സഹോദരനെക്കുറിച്ച് പരിഹാസപരമായ പരാമർശം നടത്തിയെന്നാരോപിച്ച് സഹോദരഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം വീടിന് പുറത്തുള്ള വെള്ള ടാങ്കിൽ ഒളിപ്പിച്ചു. സംഭവത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ യുവതി അറസ്റ്റിൽ. സംഭവത്തിൽ പർവതി ബായി കുശ്വാഹ് ആണ് പോലീസ് പിടിയിലായത്. കൊലപാതകത്തിന് ശേഷം സംഭവം മറ്റാരും അറിയാതിരിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുമാണ് മൃതദേഹം വെള്ള ടാങ്കിൽ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട വന്ദനയും ഉപേന്ദ്രയും ഓഗസ്റ്റ് 11ന് കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. വിവാഹത്തെ തുടർന്ന് ഇരുകുടുംബങ്ങൾക്കിടയിലും തർക്കവും അസ്വാരസ്യവും നിലനിന്നിരുന്നു. ഇതോടെ വന്ദനയും ഉപേന്ദ്രയും കുടുംബങ്ങളിൽ നിന്ന് മാറി വാടകവീട്ടിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.
പർവതി ബായി കുശ്വാഹിന്റെ സഹോദരൻ നിലവിൽ ദമോഹ് ജയിലിൽ കഴിയുകയാണ്. ബലാത്സംഗക്കേസിലാണ് ഇയാൾ ജയിലിലുള്ളത്. രക്ഷാബന്ധൻ ദിനത്തിൽ സഹോദരനെക്കുറിച്ച് വന്ദന നടത്തിയതായി പറയുന്ന പരാമർശമാണ് പർവതിയെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിൽ ഇതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം പിന്നീട് രൂക്ഷമായതോടെ പർവതി നിയന്ത്രണം വിട്ട് വന്ദനയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കത്തിയുപയോഗിച്ച് വന്ദനയുടെ കഴുത്തിൽ രണ്ടുതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വന്ദന സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തുടർന്ന് മൃതദേഹം വീടിന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ പർവതി അവിടെയുണ്ടായിരുന്ന വെള്ള ടാങ്കിനുള്ളിൽ തള്ളിയിട്ടു. കൊലപാതകത്തിന്റെ തെളിവുകൾ മറച്ചുവയ്ക്കുകയും വീട്ടുകാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം.
സംഭവസമയത്ത് പർവതിയുടെ മക്കൾ സ്കൂളിലായിരുന്നു. ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം പർവതി ഭർത്താവിനെ കാണാൻ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. അതേസമയം വന്ദനയെ കാണാതായതോടെ കുടുംബാംഗങ്ങൾ അന്വേഷണം ആരംഭിച്ചു. പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. വന്ദനയെ കാണാതായ സമയത്തും അതിന് ശേഷവും പ്രദേശത്ത് നടന്ന നീക്കങ്ങൾ പരിശോധിച്ചതോടെ അന്വേഷണസംഘത്തിന്റെ സംശയം പർവതിയിലേക്ക് നീങ്ങി.
ആദ്യഘട്ടത്തിൽ പോലീസ് ചോദ്യം ചെയ്തപ്പോൾ പർവതി സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ വിശദമായ ചോദ്യംചെയ്യൽ തുടർന്നതോടെ മൊഴികളിൽ വൈരുധ്യങ്ങൾ കണ്ടെത്തി. തുടർന്ന് പോലീസ് കൂടുതൽ തെളിവുകൾ മുന്നോട്ടുവച്ചതോടെ പർവതി തകർന്നുവെന്നും ഒടുവിൽ കൊലപാതകം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിൽ വിരലടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും പോലീസ് പർവതിയോട് പറഞ്ഞതോടെയാണ് അവർ കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വന്ദനയെ കൊലപ്പെടുത്തിയതും തുടർന്ന് മൃതദേഹം വെള്ള ടാങ്കിൽ ഒളിപ്പിച്ചതും താനാണെന്ന് പർവതി സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം ടാങ്കിൽ നിന്ന് പുറത്തെടുത്ത് തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.






