ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. 10 പേരെ രക്ഷപ്പെടുത്തി. ഡൽഹി സർവകലാശാല സൗത്ത് ക്യാംപസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സത്യനികേതനിൽ ഇന്ന് ഉച്ചയോടെയാണ് ഹോസ്റ്റൽ കെട്ടിടം തകർന്നു വീണത്. ഒട്ടേറെ വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കടുത്ത പരിഭ്രാന്തി നിലനിൽക്കുകയാണ്. ഇതുവരെ ആളപായമൊന്നും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ചയായിരുന്നതിനാൽ കെട്ടിടങ്ങളിൽ പതിവിലും കൂടുതൽ താമസക്കാരുണ്ടായിരുന്നതായി വിവരമുണ്ട്.ആൺകുട്ടികൾക്കായുള്ള ‘ഹോസ്റ്റൽ ഡെയ്‌സ്’ എന്ന പിജിയാണ് തകർന്നു വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഇതിനോട് ചേർന്നുള്ള മറ്റൊരു കെട്ടിടവും തകർന്നിട്ടുണ്ട്. മുറികൾക്കുള്ളിലുണ്ടായിരുന്ന മിക്ക വിദ്യാർഥികളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഹോസ്റ്റൽ റജിസ്റ്റർ പരിശോധിച്ചാൽ മാത്രമേ എത്ര പേർ കുടുങ്ങിയെന്ന് കൃത്യമായി പറയാനാകൂ. കെട്ടിടം തകർന്നയുടൻ തന്നെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും എത്തി ആളുകളെ പുറത്തെടുക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ട്. പുറത്തെടുത്ത ഒട്ടേറെ വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അഞ്ചുനില കെട്ടിടമാണ് തകർന്നതെന്നാണ് പ്രാഥമിക വിവരം.
ഉച്ചയ്ക്ക് 1.30 ഓടെയാണ് അഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ 12 ഫയർഫോഴ്സ് യൂണിറ്റുകളും വിവിധ വകുപ്പുകളുടെ ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശം ബാരിക്കേഡ് വച്ച് തിരിച്ചിരിക്കുകയാണ്. കേന്ദ്ര ദ്രുത കർമ സേനയുൾപ്പെടെ സ്ഥലത്തെത്തി. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടന ഭാരവാഹികളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നു.






