കണ്ണൂർ: സുരക്ഷാഭീഷണി നിലവിലില്ലാത്ത നേതാക്കൾക്ക് നൽകുന്ന പോലീസ് സുരക്ഷയും വീടുകൾക്ക് മുന്നിലെ കാവലും പിൻവലിക്കാൻ സർക്കാർ നീക്കം. സംസ്ഥാനത്ത് നിലവിൽ പോലീസ് സുരക്ഷയുള്ള മുഴുവൻ നേതാക്കളുടെയും സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ച് റിപ്പോർട്ട് നൽകാൻ രഹസ്യാന്വേഷണ വിഭാഗത്തിന് ആഭ്യന്തരവകുപ്പ് നിർദേശം നൽകി. നിലവിൽ സുരക്ഷാഭീഷണിയുണ്ടോയെന്നതും പരിശോധിക്കണം. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മലബാർ മേഖലയിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ, രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ പുനഃപരിശോധന നടത്തുന്നത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്ക് പുറമെ അമ്പതിലേറെ നേതാക്കൾ നിലവിൽ വിവിധ വിഭാഗങ്ങളിലുള്ള പോലീസ് സുരക്ഷയിലാണ്. നേതാക്കളുടെ സുരക്ഷ സംബന്ധിച്ച തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
‘അനധികൃതമായി’ നേതാക്കൾക്ക് പോലീസ് സംരക്ഷണവും ഗൺമാനെയും അനുവദിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയതെന്നാണ് വിവരം.
അതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീടിന് മുന്നിൽ നിർത്തിയിരുന്ന പോലീസ് ജീപ്പ് കഴിഞ്ഞദിവസം മാറ്റിയിരുന്നു. എന്നാൽ വീടിന് കാവലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ചിട്ടില്ല. പിണറായി വിജയന് മുഖ്യമന്ത്രിയാകുന്നതിന് മുൻപുതന്നെ പോലീസ് സുരക്ഷയുണ്ടായിരുന്നുവെന്നും നിലവിൽ വീട്ടിൽ ആറ് പോലീസുകാർ കാവലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, മുൻ സ്പീക്കർ എ.എൻ. ഷംസീർ, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ തുടങ്ങിയവർക്കും പോലീസ് സുരക്ഷയുണ്ട്. രാഷ്ട്രീയ സംഘടനകളിലെ വിവിധ നേതാക്കൾക്കും വീടുകളിലും യാത്രകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, വത്സൻ തില്ലങ്കേരി, എ.പി. അബ്ദുള്ളക്കുട്ടി, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾക്കും പോലീസ് സുരക്ഷ നിലവിലുണ്ട്. വി. ശശിധരന് സി.ഐ.എസ്.എഫ്. സുരക്ഷയാണ്.
ബി.ജെ.പി.യിൽനിന്ന് സി.പി.എമ്മിലെത്തിയ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, എ. അശോകൻ എന്നിവർക്കും സുരക്ഷയുണ്ട്. ചില എം.എൽ.എമാർക്കും പോലീസ് നിരീക്ഷണവും സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാഭീഷണിയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ക്രമീകരണങ്ങൾ പുനഃപരിശോധിച്ച ശേഷം ആവശ്യമായ സുരക്ഷ മാത്രം തുടരാനാണ് സർക്കാരിന്റെ നീക്കം.






