തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയിൽനിന്ന് ക്രിമിനൽ കേസിലെ പ്രതിയായ ഡി.സി.സി. ജനറൽ സെക്രട്ടറിയെ പോലീസ് ഇടപെട്ട് ഒഴിവാക്കി. നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിലെ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽനിന്നാണ് ഡി.സി.സി. ജനറൽ സെക്രട്ടറി ജോസ് ഫ്ലാങ്ക്ളിനെ ഒഴിവാക്കിയത്.
നെയ്യാറ്റിൻകരയിലെ എം.എൽ.എ. എൻ. ശക്തൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായിരുന്നു രമേശ് ചെന്നിത്തല. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ജോസ് ഫ്ലാങ്ക്ളിനായിരുന്നു പരിപാടിയിലെ സ്വാഗതപ്രസംഗം. എന്നാൽ കേസിലെ പ്രതിയുമായി ആഭ്യന്തരമന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നിലപാടെടുക്കുകയായിരുന്നു.
തുടർന്നാണ് ജോസ് ഫ്ലാങ്ക്ളിനെ പരിപാടിയിൽനിന്ന് ഒഴിവാക്കിയ ശേഷം ചെന്നിത്തല ചടങ്ങിനെത്തിയത്. റോജി എം. ജോണും പരിപാടിയിൽ പങ്കെടുത്തു.
കേസിൽ പ്രതിയായ നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെയാണ് അവസാന നിമിഷം പരിപാടിയിൽ മാറ്റമുണ്ടായത്.






