തിരുവനന്തപുരം: ശബരിമലയിൽ ഓണസദ്യ സംബന്ധിച്ച് പരാതി ഉയർന്നതിലും സ്‌പോൺസർമാരെ പൂർണമായി ഒഴിവാക്കുന്നതിലും ദേവസ്വം ബോർഡിനോട് തന്റെ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഭക്തർക്ക് ഓണസദ്യ കിട്ടിയില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ വിശദീകരണം പാടേ തളളിയാണ് മന്ത്രി അന്വേഷണത്തിനു നിർദേശം നൽകിയത്.
അതുപോലെ ശബരിമലയിലെ ടെൻഡർ നടപടികൾ വൈകുന്നതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തി.
സ്‌പോൺസർമാർ എല്ലാം കള്ളന്മാരാണെന്നു പറയാനാവില്ലെന്നും നേരിട്ടു നടത്തുമ്പോൾ മെച്ചപ്പെട്ട രീതിയിൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. മുൻപ് മൂന്നു ദിവസം സദ്യ ഉണ്ടായിരുന്നത് ഒരു ദിവസം മാത്രമാക്കി ചുരുക്കിയെന്നും തിരുവോണദിവസം ജീവനക്കാർക്കു മാത്രമാണ് സദ്യ വിളമ്പിയതെന്നും ഭക്തർക്കു പുലാവാണ് നൽകിയതെന്നും തനിക്കു ചിത്ര സഹിതമാണു പരാതി ലഭിച്ചതെന്നു മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം പ്രസിഡന്റിനു കത്തു നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണ ഉത്രാടത്തിനും തിരുവോണത്തിനും അവിട്ടത്തിനുമാണ് പരമ്പരാഗതമായി ശബരിമലയിൽ ഭക്തർക്കുൾപ്പെടെ സദ്യ നൽകിയിരുന്നത്. എന്നാൽ ഇത്തവണ സ്‌പോൺസർമാരെ ഒഴിവാക്കി ഒരു ദിവസം മാത്രമായി സദ്യ ചുരുക്കി. അന്നു പോലും ജീവനക്കാർക്കു മാത്രമാണ് സദ്യ കിട്ടിയത്. ഭക്തർക്കു മഞ്ഞച്ചോറു നൽകിയെന്നാണു പരാതി ലഭിച്ചത്. മര്യാദയ്ക്കു സദ്യ കൊടുത്തിരുന്നെങ്കിൽ പരാതി വരുമായിരുന്നില്ല. ഒരു പന്തിയിൽ രണ്ടു വിളമ്പ് നടന്നുവെന്നാണു പരാതി.
പരമ്പരാഗ ആചാരങ്ങൾ ഒറ്റയടിക്കു നിർത്തുന്നതു ശരിയല്ല. സ്‌പോൺസർമാരും ഇടനിലക്കാരും വേണ്ടെന്നാണു ബോർഡ് പറയുന്നത്. അപ്പം, അരവണ നിർമാണത്തിനുള്ള ഉൽപന്നങ്ങൾക്കായി ടെൻഡർ വിളിച്ചിട്ട് ആരും എടുത്തിട്ടില്ല. തീർഥാടനത്തിന് ഇനി അധികം സമയമില്ല. സ്‌പോൺസർമാർ എല്ലാവരും കള്ളന്മാരാണെന്നു പറയാൻ പറ്റുമോ?. തികഞ്ഞ ദൈവവിശ്വാസികളായ ആളുകൾ ഉണ്ടാകുമല്ലോ. അങ്ങനെയുള്ളവരെ പോലും ഒഴിവാക്കി നേരിട്ടു നടത്തുമ്പോൾ അതിനുള്ള മെച്ചം ഉണ്ടാകണം. അതുണ്ടായില്ല. ഭക്തരോടു കാട്ടുന്ന തെറ്റായ സമീപനമാണതെന്നും മന്ത്രി പറഞ്ഞു






