തിരുവനന്തപുരം: താൻ കേസുകളിൽ പ്രതിയായത് പാർട്ടിക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ കോൺഗ്രസ് നേതാവ് ചേന്തി അനിൽ. പാർട്ടിക്കുവേണ്ടി തന്റെ കുടുംബംപോലും നഷ്ടപ്പെട്ടെന്നും ‘ഗുണ്ട’യെന്ന് വിളിച്ചപ്പോൾ വിഷമം തോന്നിയെന്നും ചേന്തി അനിൽ പറഞ്ഞു. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ അറസ്റ്റിലായി അഞ്ചാം ദിവസം ജയിൽമോചിതനായി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം.
പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സംഭവങ്ങൾ ഉണ്ടായതെന്നും അതിൽ ഖേദമുണ്ടെന്നും ചേന്തി അനിൽ പറഞ്ഞു. മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നുവെന്നും നേരിട്ട് കാണാൻ അവസരം ലഭിച്ചാൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“എല്ലാവരും എന്നെ പറയാൻ പഠിപ്പിച്ചത് ‘നോ കമന്റ്സ്’ എന്നാണ്. പ്രത്യേകിച്ച് കോടതി നിർദേശവുമുണ്ട്. ഒരുവാക്ക് എനിക്ക് പറയാനുള്ളത്, എന്റെ വായിൽനിന്ന് അരുതാത്തത് പലതും ഞാൻ സംസാരിച്ചു. അതിൽ എനിക്ക് നല്ല വിഷമമുണ്ട്. ഇങ്ങനെ ഒക്കെ ആയിത്തീരുമെന്ന് വിചാരിച്ചതല്ല. പെട്ടെന്നുള്ള പ്രകോപനത്തിലാണ് അറിയാതെ സംസാരിച്ചുപോയത്. അദ്ദേഹത്തെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹത്തിനോട് ഞാൻ ക്ഷമ ചോദിക്കുന്നു. എപ്പോഴെങ്കിലും ഒരു അവസരം കിട്ടിയാൽ അദ്ദേഹത്തിന് മുമ്പിൽ ക്ഷമ ചോദിക്കും.
ഞാൻ പാർട്ടിക്കാരനല്ല, ഗുണ്ടയാണ് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല വിഷമം തോന്നി. പാർട്ടിക്ക് വേണ്ടി മാത്രമാണ് ഞാൻ കേസുകൾ ഉണ്ടാക്കിയിട്ടുള്ളത്. ഭാര്യ മരിച്ചിട്ട് ഒമ്പത് മാസമായി. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭാര്യ സ്ഥാനാർഥിയായിരുന്നു. 24 വോട്ടിനാണ് പരാജയപ്പെട്ടത്. എനിക്ക് എന്റെ കുടുംബം പോലും പാർട്ടിക്ക് വേണ്ടി നഷ്ടപ്പെട്ടു. ഞാനും എന്റെ മോളും ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ അഞ്ച് ദിവസം മകൾ വീട്ടിൽ ഒറ്റയ്ക്കാണ്. ഇനി ഇത്തരം വിഷയങ്ങളിൽ ചെന്നുപെടാതിരിക്കാൻ ഞാൻ കഴിവതും ശ്രമിക്കും,” ചേന്തി അനിൽ പറഞ്ഞു.






