ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ആശ്വാസമായി ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇരുവരെയും ഏകാന്ത തടവിൽ പാർപ്പിക്കരുതെന്ന് ജയിൽ അധികൃതർക്ക് കോടതി കർശന നിർദേശം നൽകി. ഇമ്രാൻ ഖാന് ജയിൽ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ഖാദിം ഹുസൈൻ സൂമ്രോയാണ് വിധി പുറപ്പെടുവിച്ചത്. ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും ബുഷ്റ ബീബിയുടെ മകൾ മുബഷ്റ ഖാവർ മനേകയും നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ്.
ജയിൽ ചട്ടങ്ങൾ പ്രകാരം കുടുംബാംഗങ്ങൾക്ക് ഇരുവരെയും സന്ദർശിക്കാൻ അനുമതി നൽകണമെന്നും ഇമ്രാൻ ഖാന് വിദേശത്തുള്ള മക്കളുമായി ഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു. ദിവസവും പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകണമെന്നും ഉത്തരവിലുണ്ട്.
നിർദേശങ്ങൾ നടപ്പാക്കിയശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റാവൽപിണ്ടിയിലെ അഡിയാല ജയിൽ സൂപ്രണ്ടിനോടും കോടതി ആവശ്യപ്പെട്ടു.
വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ അഡിയാല ജയിലിലാണ്. ബുഷ്റ ബീബിയും ഇതേ ജയിൽ സമുച്ചയത്തിലാണ് കഴിയുന്നത്. ജയിലിൽ ഇമ്രാൻ ഖാന് മതിയായ സൗകര്യങ്ങളും വൈദ്യസഹായവും ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങൾ നേരത്തെ പരാതിപ്പെട്ടിരുന്നു. കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ ആരോപണം.






