തിരുവനന്തപുരം: കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീം (52) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.
നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. അതിക്രമം ഭയന്ന് മദ്രസയിൽ പോകാൻ മടിച്ച കുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മദ്രസയിൽനിന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി വിവരങ്ങൾ രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






