കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ തകർന്ന കാർഷിക വികസന ബാങ്കിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണവും പണവും സാഹസികമായി വീണ്ടെടുത്ത് നേപ്പാൾ പോലീസ്. നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലെ കാർഷിക വികസന ബാങ്കിന്റെ ശാഖയിൽനിന്നാണ് 51.5 കോടിയിലധികം നേപ്പാളി രൂപയുടെ സമ്പാദ്യം സുരക്ഷിതമായി മാറ്റിയത്.
എട്ട് മണിക്കൂർ നീണ്ട കഠിനമായ ശ്രമത്തിനൊടുവിലാണ് പോലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് ബാങ്കിന്റെ ലോക്കറുകൾ പുറത്തെടുത്തത്. ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരവും 1.5 കോടി നേപ്പാളി രൂപയുടെ നോട്ടുകെട്ടുകളുമാണ് വീണ്ടെടുത്തത്. ബാങ്കിന്റെ അതീവരഹസ്യ സ്വഭാവമുള്ള രേഖകളും ലോക്കറിനുള്ളിലുണ്ടായിരുന്നു. ഇവ ഉയർന്ന സുരക്ഷയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. നേപ്പാൾ പോലീസ് എക്സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, നേപ്പാളിലെ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ 903 പേർ മരിച്ചതായാണ് റിപ്പോർട്ട്. 4,247 പേരെ കാണാതായിട്ടുണ്ട്. ഇതിൽ 99 പേർ സുരക്ഷാ ഉദ്യോഗസ്ഥരും 591 പേർ വിദേശികളുമാണ്.
ചിറ്റ്വാനിൽനിന്ന് 272 മൃതദേഹങ്ങളും നവൽപരാസിയിൽനിന്ന് 207, വെസ്റ്റ് നവൽപരാസിയിൽനിന്ന് 151, ഗോർഖയിൽനിന്ന് 62 എന്നിങ്ങനെയും കണ്ടെത്തി. നുവാകോട്ടിൽനിന്ന് 95, ധാഡിങ്ങിൽനിന്ന് 55, തനാഹുവിൽനിന്ന് 37, റസുവയിൽനിന്ന് 24 മൃതദേഹങ്ങളും കണ്ടെടുത്തതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
करिब ८ घण्टाको निरन्तर प्रयास पछि कृषि विकास बैंक, त्रिशूली ढुंगे शाखाबाट करिब रु. १.५ करोड नगद, अनुमानित रु. ५० करोडको सुन तथा महत्वपूर्ण कागजात सुरक्षित स्थानमा सार्दै नेपाल प्रहरी । pic.twitter.com/vAOoOP2VT8
— Nepal Police (@NepalPoliceHQ) August 30, 2026






