വിഴിഞ്ഞം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (65) ആണ് മരിച്ചത്. വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥനായിരുന്നു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോക്ടറും ടൈറ്റസിന്റെ മകനുമായ ഡെന്നിസ് ടൈറ്റസും ബന്ധുക്കളും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഞായറാഴ്ച വൈകീട്ട് വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ടൈറ്റസ് കുര്യൻ കയ്യിൽ കരുതിയിരുന്ന വസ്ത്രങ്ങളുടെ കരിഞ്ഞ ഭാഗങ്ങൾ കാറിനുള്ളിൽനിന്ന് കണ്ടെത്തിയിരുന്നു. ഇവ ടൈറ്റസിന്റേതാണെന്ന് മകൻ സ്ഥിരീകരിച്ചതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെ 5.10-ഓടെ വെങ്ങാനൂർ-പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. വെങ്ങാനൂർ ഭാഗത്തുനിന്ന് പള്ളിച്ചലിലേക്ക് പോകുകയായിരുന്ന കാറിന്റെ മുൻഭാഗത്ത് പെട്ടെന്ന് തീപടരുകയായിരുന്നു. ഈ സമയം ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന യുവാവ് കാറിന്റെ മുൻവശത്ത് തീപിടിക്കുന്നത് കണ്ട് ഡ്രൈവറെ വിളിച്ചെങ്കിലും വണ്ടി പിന്നോട്ട് ഉരുണ്ടുനീങ്ങി സമീപത്തെ മതിലിലിടിച്ച് തീ ആളിപ്പടരുകയായിരുന്നെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വാതിൽ തുറന്ന് രക്ഷപ്പെടാൻ ടൈറ്റസ് ശ്രമിച്ചിരുന്നെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ സീറ്റ് ബെൽറ്റ് കുടുങ്ങിയിരുന്നതായും സംശയിക്കുന്നുണ്ട്. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് വിഴിഞ്ഞം പോലീസ് വ്യക്തമാക്കി. അപകടത്തിൽ ഇടതുകാൽ പൊള്ളലേറ്റ് വേർപെട്ട നിലയിലും തലയോട് പൊട്ടിയ നിലയിലുമായിരുന്നു.
അപകടത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഫൊറൻസിക് സംഘം സ്ഥലത്തെത്തി. കാറിൽനിന്ന് മാംസഭാഗങ്ങളും ഇന്ധനത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തും.
നിലവിൽ അസ്വാഭാവിക മരണത്തിന് വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധനാഫലം ലഭിച്ചശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. ഫിലോമിനയാണ് ടൈറ്റസ് കുര്യന്റെ ഭാര്യ.






