തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും യു.ഡി.എഫ് സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. കേരളത്തിന്റെ മുഖ്യമന്ത്രി ശിരസ്സിനകത്ത് സൂക്ഷിക്കുന്നത് ‘വിചാരധാര’യാണെന്ന് ചിന്ത ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഓണം പോലെ മലയാളികളുടെ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മതസൗഹാർദത്തിന്റെയും ഉത്സവം ആഘോഷിക്കുന്ന വേളയിൽ സർക്കാർ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ച സംഭവം അത്ഭുതപ്പെടുത്തുന്നതാണെന്ന് ചിന്ത പറഞ്ഞു. വിചാരധാരയുടെ ആശയങ്ങൾ ഉൾക്കൊണ്ട് അതിനനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അവർ വിമർശിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എ.ഐ.സി.സി ഓഫീസിൽ വന്ദേമാതരം ആലപിക്കുന്നത് തടയാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ‘സ്റ്റോപ്പ്, സ്റ്റോപ്പ്’ എന്ന് പറയുന്ന ദൃശ്യങ്ങൾ കണ്ടു. എന്നാൽ അവിടേക്ക് ക്വയർ സംഘത്തെ അയച്ചത് കേരളത്തിൽനിന്നുള്ള വി.ഡി. സതീശനാകാനാണ് സാധ്യതയെന്നും ചിന്ത പരിഹസിച്ചു.
യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ വലിയ ബന്ധമാണുള്ളത്. അനിയൻബാവയും ചേട്ടൻബാവയും പോലെയാണ് ഇരുകൂട്ടരും പ്രവർത്തിക്കുന്നതെന്നും ചിന്ത ആരോപിച്ചു. നരേന്ദ്രമോദി സ്വീകരിക്കുന്നതിനേക്കാൾ തീവ്രമായ നയങ്ങളും വർഗീയ നിലപാടുകളും കേരളത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മൂന്നുമാസംകൊണ്ട് തന്നെ ഈ സർക്കാരിന്റെ രീതികൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചിന്ത പറഞ്ഞു.
നാളെ പ്രോട്ടോക്കോൾ പ്രകാരം സർക്കാർ പരിപാടികളിൽ ഗണഗീതം പാടണമെന്ന് പറഞ്ഞാലും അത് ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളത്തിലേതെന്നും അവർ ആരോപിച്ചു. തങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ഭരണഘടനാ ശിൽപ്പികളെയും സ്വാതന്ത്ര്യസമര പോരാളികളെയുമാണെന്ന് ചിന്ത പറഞ്ഞു. ഭഗത് സിങ്ങിനെ പോലുള്ള പോരാളികളുടെ പോരാട്ടവീര്യമാണ് തെരുവിലിറങ്ങി പോരാടാനുള്ള ഊർജം നൽകുന്നത്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഉൾക്കൊണ്ടാണ് തങ്ങൾ സമരം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ ഈ സമീപനം തുടർന്നാൽ കേരളത്തിന്റെ തെരുവോരങ്ങളിൽ സമാനതകളില്ലാത്ത പോരാട്ടങ്ങൾ കാണേണ്ടിവരുമെന്ന് ചിന്ത മുന്നറിയിപ്പ് നൽകി. അതിന് യു.ഡി.എഫ് സർക്കാരും പോലീസും തയ്യാറായിരിക്കണമെന്നും അവർ പറഞ്ഞു.






