തിരുവനന്തപുരം: ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നിലപാടിൽ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്തുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കെജിഎംഒഎയ്ക്ക് പരാതികളുണ്ടെങ്കിൽ നേരിട്ട് സർക്കാരിനെ അറിയിക്കണം. മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവുകൾ സംബന്ധിച്ച കാര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അതേക്കുറിച്ച് അറിയാൻ കഴിയൂ. ഇക്കാര്യങ്ങൾ പത്രങ്ങളിലൂടെ വായിച്ചല്ല അറിയേണ്ടതെന്നും മന്ത്രി പറഞ്ഞു.
കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകും. എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയതിന് അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്ത് ഇതിനകം 140 ഓളം ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. മന്ത്രിയെ കാണണമെങ്കിൽ കെജിഎംഒഎ പ്രതിനിധികൾക്ക് നേരിട്ട് കാണാം. അല്ലാതെ ദിവസേന പ്രസ്താവനകൾ ഇറക്കേണ്ട ആവശ്യമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.






