ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ അക്രമിസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി – വിദ്യാനഗർ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ദാദാപീർ എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമികൾ നൂറുമീറ്ററോളം ദൂരം പിന്തുടർന്ന് ഓടിച്ചിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.
തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരക്കേറിയ റോഡിൽ പട്ടാപ്പകൽ നടന്ന അക്രമം പ്രദേശവാസികളിലും വഴിയാത്രക്കാരിലും വലിയ ഭീതി സൃഷ്ടിച്ചു. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ലിംഗരാജനഗർ സിദ്ധേശ്വർ പാർക്കിന് സമീപം സ്കൂട്ടറിൽ എത്തിയ ദാദാപീറിനെ റോഡിലിട്ട് രണ്ടുപേർ ചേർന്ന് വാളുകളും മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടിവീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യം നടത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ കടന്നുകളഞ്ഞു. സംഭവം നേരിൽക്കണ്ട നാട്ടുകാർ ഭയന്നുവിറച്ചെങ്കിലും ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ദാദാപീറിന് മുമ്പ് ചിലരുമായി ശത്രുതയുണ്ടായിരുന്നെങ്കിലും അത് നേരത്തെ ഒത്തുതീർപ്പായതാണെന്ന് സഹോദരൻ സാദിഖ് പ്രതികരിച്ചു. മിശ്രികോട്ടിക്ക് സമീപം കൃഷിപ്പണികളുമായി കഴിഞ്ഞുവരികയായിരുന്ന ഇയാൾ എന്തിനാണ് ഹുബ്ബള്ളിയിലേക്ക് എത്തിയതെന്ന് വ്യക്തമല്ലെന്നും കുടുംബം അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ദാദാപീറിന്റെ കുടുംബം. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനും പ്രതികളെ പിടികൂടാനുമായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






