ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക സമ്മർദത്തെ നേരിടാൻ രാജ്യത്തിന് സ്വയംപര്യാപ്തമായ സാമ്പത്തിക പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ഇടപാടുകളിൽനിന്ന് ഡോളറിനെ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങരുതെന്നും രാജ്യത്തെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
‘എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ’ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും മുജ്തബ ഖമനെയി സന്ദേശത്തിൽ വ്യക്തമാക്കി. സാമൂഹിക ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കാനും ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വയംപര്യാപ്തമായ പ്രതിരോധ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. വിദേശ സാമ്പത്തിക സമ്മർദങ്ങളെ ചെറുക്കുന്നതിനും ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ചട്ടക്കൂടാണ് സാമ്പത്തിക പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആഭ്യന്തര ഉത്പാദനം പര്യാപ്തമല്ലാത്ത മേഖലകളിൽ ആവശ്യമായ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് ഉചിതമാണെന്നും ഖമനെയി അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഉത്പന്നങ്ങളുടെ വിലനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിക്ഷേപം വർധിപ്പിക്കുകയും അവ ഉത്പാദനപരമായ മേഖലകളിലേക്ക് തിരിച്ചുവിടുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയെയും മറ്റ് ശത്രുരാജ്യങ്ങളെയും പരോക്ഷമായി വിമർശിച്ച ഖമനെയി, അവരുടെ യുക്തിരഹിതമായ ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങിയാൽ മാത്രമേ സാമ്പത്തിക പുരോഗതി സാധ്യമാകൂ എന്ന ധാരണ തെറ്റാണെന്നും പറഞ്ഞു. ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാനും രാജ്യത്തിന്റെ വിഭവങ്ങൾക്കും നേരിടേണ്ടിവന്ന നാശനഷ്ടങ്ങൾ പരിശോധിച്ചാൽ ഇതിന്റെ മറുവശമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ സമ്മർദത്തിലാക്കാൻ അമേരിക്ക പുതിയ ഉപരോധ നടപടികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുജ്തബ ഖമനെയിയുടെ പ്രതികരണം.






