മലപ്പുറം: ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കണ്ണൂക്കര മാടാക്കര മുഹിയിദ്ദീൻ മസ്ജിദിൽ പൊലീസ് ലാത്തിവീശിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി മുൻ എം.എൽ.എ കെ.ടി. ജലീൽ. കഴിഞ്ഞ പത്തുവർഷം പിണറായി കാലത്ത് കാണാത്ത കാഴ്ചകളാണ് യു.ഡി.എഫ് വന്ന് ചിരിക്കുന്ന മുഖ്യമന്ത്രി നാട് ഭരിക്കൽ തുടങ്ങി 100 ദിവസം തികയുമ്പോൾ അരങ്ങേറുന്നതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. പള്ളിയിൽ തല്ല് കൂടിയവരിൽ 99 ശതമാനവും മസ്ലിം ലീഗുകാരാണെന്ന് ജലീൽ ആരോപിച്ചു. ‘പള്ളിയുടെ പഴയ കമ്മിറ്റിക്കാരും പുതിയ കമ്മിറ്റിക്കാരും ലീഗുകാരാണ്.
വിവാദ പുരുഷനായ ഇമാം സമസ്തയുടെ ലീഗ് വിഭാഗത്തിലെ അംഗമാണ്. ‘സഖാവ്’ മുക്കം ഉമർ ഫൈസിയെ പിന്തുണക്കുന്ന ആളല്ല. പരിശുദ്ധ പ്രവാചകന്റെ ജൻമദിനത്തിലാണ് ലീഗുകാർ ‘ഓണത്തല്ല്’ മതസൗഹാർദ്ദത്തിന്റെ ഭാഗമായി പള്ളിയിൽ വെച്ച് നടത്തിയത്. കുഴപ്പക്കാർ മുഴുവൻ ലീഗുനേതാക്കളും പ്രവർത്തകരുമാണ്’ -ജലീൽ ആരോപിച്ചു. ക്ഷേത്രങ്ങളെയും അതിന്റെ കമ്മിറ്റികളെയും ബി.ജെ.പി സ്വന്തം വരുതിയിലാക്കുന്നതിന് സമാനമായ രീതിയിലാണ് മുസ്ലിം ലീഗും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാരം സ്ഥാപിക്കാനും ഹിന്ദുക്കളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളെയും ഉൽസവങ്ങളെയും മതപാഠശാലകളെയും ബി.ജെ.പി സ്വന്തം വരുതിയിലാക്കുന്നു.
ഇതിനായി ബി.ജെ.പി മതരാഷ്ട്രീയം കളിക്കുന്നു. സമാനമായ രീതിയിലാണ് മുസ്ലിം ലീഗും പ്രവർത്തിക്കുന്നത്. പള്ളി കമ്മിറ്റികളും മദ്റസ കമ്മിറ്റികളും മഹല്ല് കമ്മിറ്റികളും സ്വന്തം നിയന്ത്രണത്തിലാക്കുന്നു. ‘ഖാദി’ സ്ഥാനങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കുന്നു. മുസ്ലിം സമുദായത്തിനു മേലുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് ഇത്. ഇതിനായി മതരാഷ്ട്രീയം പ്രയോഗിക്കുന്നു. ലക്ഷ്യം നേടാൻ ലീഗും ബി.ജെ.പിയും ആരാധനാലയങ്ങളുടെ പവിത്രത നോക്കില്ല. തല്ലും കൊല്ലും എന്ത് തോന്നിവാസവും ചെയ്യും -ജലീൽ ആരോപിച്ചു.






