തിരൂർ: വാങ്ങിവെച്ച മദ്യം എടുത്ത് കുടിച്ചതിന്റെ വിരോധത്തിൽ അമ്മാവന്റെ മകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ (52) ആണ് മരിച്ചത്. സംഭവത്തിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി മലയത്ത് മേലേവീട്ടിൽ ഗിരീഷ് (48)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം. പ്രതി വാങ്ങിവെച്ച മദ്യം പത്മാനന്ദൻ എടുത്ത് കുടിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വിരോധത്തിൽ ഗിരീഷ് പത്മാനന്ദനെ തടഞ്ഞുവെച്ച് സോഫയിലേക്ക് തള്ളിയിടുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. നിലത്തുവീണ പത്മാനന്ദന്റെ നെഞ്ചിൽ പലതവണ ചവിട്ടിയതായും പോലീസ് പറഞ്ഞു. ആക്രമണത്തിൽ വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
പരിക്കേറ്റ പത്മാനന്ദന് ചികിത്സ ലഭ്യമാക്കാതെ വീട്ടിൽ തന്നെ തടഞ്ഞുവെച്ചതായും പോലീസ് ആരോപിച്ചു. ഗുരുതര പരിക്കുകളെ തുടർന്ന് 25ന് പത്മാനന്ദൻ മരിക്കുകയായിരുന്നു.
തിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പൊന്നാനി ഈഴവത്തുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. പത്മാനന്ദന്റെ ഭാര്യ ഷീജ. മക്കൾ പ്രവീണ, പവിത്ര.
തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






