തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദത്തിൽ സിപിഐ മുഖപത്രമായ ജനയുഗത്തിൽ പിണറായി വിജയനെതിരേ രൂക്ഷ വിമർശനം. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിലാണ് പിണറായി വിജയന്റെ നിലപാടിനെതിരെ വിമർശനമുയർന്നത്. മുന്നണി മര്യാദയുടെ ലംഘനമാണ് പിണറായി നടത്തിയതെന്നും മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാർമികത ഉയർത്തിപ്പിടിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തി.
താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് ഗുണകരമല്ലെന്നും ലേഖനത്തിൽ വിമർശനമുണ്ട്. പിണറായി വിജയന്റെ പ്രസ്താവന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും സത്യൻ മൊകേരി ചൂണ്ടിക്കാട്ടി.
അതേസമയം, ലേഖനം പുറത്തുവന്നതിന് പിന്നാലെ സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. മുന്നണിയെ ശക്തിപ്പെടുത്താൻ താൽപര്യം കാണിക്കാത്ത പാർട്ടിയാണ് സിപിഐയെന്നും സിപിഐ തന്നെയാണ് രാഷ്ട്രീയ മര്യാദ ലംഘിച്ചതെന്നും ശിവൻകുട്ടി തിരിച്ചടിച്ചു.
ജനയുഗത്തിൽ സത്യൻ മൊകേരിയുടെ ലേഖനം പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണെന്നും ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് പിണറായി വിജയൻ സ്വീകരിച്ച നടപടി ജനാധിപത്യപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പത്രങ്ങളിലൂടെ പറയുന്ന രീതിയാണ് സിപിഐ സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു. പി.എം. ശ്രീ വിഷയത്തിലും ഇതേ രീതിയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി നേരത്തെയും സിപിഎമ്മാണ് കൈകാര്യം ചെയ്തിരുന്നതെന്നും നിലവിലെ സാഹചര്യത്തിൽ അത് മാറേണ്ട ആവശ്യമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. മുന്നണിക്കുള്ളിലെ തർക്കം പരസ്യ പ്രതികരണങ്ങളിലേക്ക് കടന്നതോടെ സിപിഎം-സിപിഐ ബന്ധത്തിൽ വീണ്ടും അഭിപ്രായവ്യത്യാസം ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.






