സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പുതിയതായി നിർമിച്ച മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെച്ചൊല്ലി വിവാദം. സൂറത്ത് മുനിസിപ്പൽ കോർപറേഷന്റെ നടപടിക്കെതിരേ ഒരു വിഭാഗം മത്സ്യവ്യാപാരികളാണ് രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയത് അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ വാദം.
സൂറത്തിലെ നൻപുര മേഖലയിലെ ലക്കാദ്കോട്ടിൽ നിർമിച്ച മത്സ്യച്ചന്തയ്ക്കാണ് ‘ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്’ എന്ന പേര് നൽകിയത്. ചന്തയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം അദ്ദേഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂറത്ത് ഫിഷ് മർച്ചന്റ് അസോസിയേഷന്റെ പേരും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പ്രധാനമന്ത്രിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകുന്നതിനെ ഒരു വിഭാഗം വ്യാപാരികൾ ചോദ്യം ചെയ്യുകയായിരുന്നു. നരേന്ദ്ര മോദി ജീവിതത്തിൽ ഇതുവരെ മത്സ്യാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം വെജിറ്റേറിയനാണെന്നും മത്സ്യവ്യാപാരി സുരേന്ദ്ര ലഷ്കരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പേര് മത്സ്യച്ചന്തയുടെ ബോർഡിൽ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് വ്യാപാരിയുടെ നിലപാട്.
അതേസമയം, മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂറത്ത് മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ വിശദീകരണം. പേര് സംബന്ധിച്ച വിഷയം ഇപ്പോഴും പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് മാറ്റാമെന്ന് സൂറത്ത് ഫിഷ് മർച്ചന്റ് അസോസിയേഷൻ അറിയിച്ചതായും കോർപറേഷൻ അധികൃതർ പറഞ്ഞു.
ഏകദേശം പത്ത് കോടി രൂപ ചെലവിലാണ് ലക്കാദ്കോട്ടിൽ പുതിയ മത്സ്യച്ചന്ത നിർമിച്ചത്. ഇവിടെ 80 വലിയ മൊത്തവ്യാപാര സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് ചന്ത നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
ചന്തയുടെ നിർമാണത്തിനായി കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന വഴി മൂന്ന് കോടി രൂപ ലഭിച്ചിരുന്നു. ഈ കേന്ദ്രപദ്ധതിയുടെ ഭാഗമായി ലഭിച്ച സാമ്പത്തിക സഹായം പരിഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകാൻ തീരുമാനിച്ചതെന്നാണ് സൂറത്ത് ഫിഷ് മർച്ചന്റ് അസോസിയേഷന്റെ വിശദീകരണം.
എന്നാൽ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസം നിലനിൽക്കുകയാണ്. ഒരു വിഭാഗം പേര് മാറ്റണമെന്ന് ആവശ്യപ്പെടുമ്പോൾ, കേന്ദ്രസർക്കാരിന്റെ പദ്ധതിയിലൂടെ ലഭിച്ച സാമ്പത്തിക സഹായം കണക്കിലെടുത്താണ് പേര് നൽകിയതെന്നാണ് അസോസിയേഷന്റെ വിശദീകരണം. ഇതോടെ മത്സ്യച്ചന്തയുടെ പേരിനെച്ചൊല്ലിയുള്ള വിവാദം കൂടുതൽ ചർച്ചയാവുകയാണ്.






