ന്യൂഡൽഹി: സിജെപിയെ ലക്ഷ്യമിട്ടുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവതിന്റെ അധിക്ഷേപം തുടരുകയാണ്. ഇത്തവണ സിജെപി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയാണ് ഇര. കാമറയ്ക്ക് മുമ്പിൽ നിന്ന് സംസാരിക്കുമ്പോൾ തനിക്ക് ഇംഗ്ലീഷിൽ അപകർഷതാബോധം തോന്നാറുണ്ടെന്ന് അഭിജീത് ദീപ്കെ തുറന്നു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കങ്കണയുടെ പരിഹാസം.
കങ്കണയും ദീപ്കെയും സംസാരിക്കുന്ന ഇംഗ്ലീഷ് വീഡിയോകൾ ചേർത്തുകൊണ്ടുള്ള ഇൻസ്റ്റഗ്രാം റീലാണ് കങ്കണ തന്റെ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ദീപ്കെയുടെ പ്രസംഗവും ഹിന്ദി സിനിമാ രംഗത്തെ അനുഭവങ്ങളും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകൾ ക്ലബ് ചെയ്തതാണ് ഈ സ്റ്റോറി.
’12ാം ക്ലാസ് പാസായ കങ്കണ റണാവത് വേഴ്സസ് ബോസ്റ്റൺ യൂണിവേഴ്സിറ്റി ദീപ്കെ: ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണ്, മറ്റൊരാൾക്ക് റീബൂട്ട് വേണം’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു വീഡിയോ പങ്കുവെച്ചത്. ബോളിവുഡിലെ തന്റെ തുടക്കക്കാലത്ത് ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ചും ഇതിന്റെ പേരിൽ ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ സോനം കപൂർ തന്നെ പരിഹസിച്ചതായും കങ്കണ മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്.
നേരത്തെ സിജെപി വക്താവ് സൗരവ് ദാസിനെതിരെയും പരസ്യവിമർശനവുമായി നടി രംഗത്തെത്തിയിരുന്നു. 28 വയസ്സുള്ള ഒരാൾ വിദ്യാർഥിയാണെന്ന് അവകാശപ്പെടുന്നതിനെ ചോദ്യം ചെയ്ത കങ്കണ, അദ്ദേഹത്തിന്റെ വയസിൽ തനിക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും സിനിമാരംഗത്തെ തന്റെ 20 വർഷത്തെ പരിചയസമ്പത്തിനെക്കുറിച്ചും വ്യക്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.






