മംഗളൂരു: ടൊയോട്ട ഫോർച്യൂണറിൽ ജോലിക്കെത്തി, വാഹനം പാർക്ക് ചെയ്ത ശേഷം ചൂലെടുത്ത് തെരുവ് വൃത്തിയാക്കുന്ന നഗരസഭാ ജീവനക്കാരന്റെ ചിത്രം സമൂഹമാധ്യമങ്ങിൽ വൈറലാകുന്നു. കർണാടകയിലെ ബണ്ട്വാളിൽ നിന്നുള്ള 55കാരനായ സേസപ്പയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജോലിക്കെത്തുന്ന സേസപ്പയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതകഥയും ആളുകൾക്കിടയിൽ ചർച്ചയായി.
മംഗളൂരുവിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ബണ്ട്വാൾ നഗരത്തിലെ ബിസി റോഡിൽ സേസപ്പയെ വർഷങ്ങളായി കാണുന്നവർക്ക് പക്ഷേ ഈ കാഴ്ചയിൽ പുതുമയില്ല. മൂന്ന് പതിറ്റാണ്ടിനടുത്തായി നഗരത്തിലെ ശുചീകരണ ജോലിയിൽ സജീവമായ സേസപ്പ പതിവുപോലെ നേരത്തെ ജോലിക്കെത്തും. പരിചയമുള്ളവരോട് കുറച്ച് വാക്കുകൾ സംസാരിക്കും, ആശംസകൾ കൈമാറും, പിന്നെ തന്റെ ജോലിയിലേക്ക് കടക്കും.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സേസപ്പ എത്തുന്നതിന് മുമ്പുതന്നെ ക്യാമറകളുമായി ആളുകൾ കാത്തുനിൽക്കുകയാണ്. വർഷങ്ങളായി അദ്ദേഹത്തെ അറിയുന്നവർ സേസപ്പയെക്കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുമ്പോൾ, സോഷ്യൽ മീഡിയയിലൂടെ ആദ്യമായി അദ്ദേഹത്തെ കാണുന്നവർ ഫോർച്യൂണറിൽ എത്തുന്ന ഈ ശുചീകരണ തൊഴിലാളിയെക്കുറിച്ച് കൂടുതൽ അറിയാൻ ആകാംക്ഷ കാണിക്കുന്നു.
പക്ഷേ സമൂഹമാധ്യമങ്ങളിലെ ഈ അപ്രതീക്ഷിത പ്രശസ്തി സേസപ്പയുടെ ജീവിതരീതിയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ബിസി റോഡിലെ കോടതിക്ക് സമീപം ഫോർച്യൂണർ പാർക്ക് ചെയ്ത ശേഷം പതിവുപോലെ വാഹനത്തിൽ നിന്നിറങ്ങി ചൂലെടുത്ത് അദ്ദേഹം ജോലിയിൽ പ്രവേശിക്കും.
ചെറുപ്പം മുതലേ കാറുകളോട് സേസപ്പയ്ക്ക് വലിയ ഇഷ്ടമാണ്. ആദ്യം മാരുതി 800 ആയിരുന്നു സ്വന്തമാക്കിയിരുന്നത്. പിന്നീട് ഓമ്നി, ആൾട്ടോ, സ്കോർപിയോ, റിറ്റ്സ് തുടങ്ങിയ വാഹനങ്ങളും സ്വന്തമാക്കി. ഏകദേശം പത്ത് ദിവസം മുമ്പാണ് ആൾട്ടോയും സ്കോർപിയോയും വിറ്റും കുറച്ച് പണം കടം വാങ്ങിയും സെക്കൻഡ് ഹാൻഡ് ടൊയോട്ട ഫോർച്യൂണർ സ്വന്തമാക്കിയത്.
ബണ്ട്വാളിലെ നവൂരാണ് സേസപ്പയുടെ സ്വദേശം. നഗരസഭാ ജോലിക്ക് പുറമെ ഡയറി ഫാമിങ്ങിലും അദ്ദേഹം സജീവമാണ്. ജോലിയെക്കുറിച്ചുള്ള സേസപ്പയുടെ കാഴ്ചപ്പാട് വളരെ ലളിതമാണ് — ഒരു ജോലിയും ചെറുതോ വലുതോ അല്ല.
“50 രൂപ ദിവസക്കൂലിക്കാണ് ഞാൻ ജോലി തുടങ്ങിയത്. ഇന്ന് എനിക്ക് സ്ഥിരമായ ജോലിയും മനഃസമാധാനവുമുണ്ട്. ശുചീകരണ ജോലിയിലൂടെ എല്ലാവർക്കും പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു,” മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച സേസപ്പ പറയുന്നു.
1996ലാണ് അദ്ദേഹം നഗരസഭയിൽ ജോലിയിൽ പ്രവേശിച്ചത്. 2005ൽ അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ.യു. ബെല്ലിയപ്പ നൽകിയ ഉപദേശമാണ് ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമായത്. ഇപ്പോൾ ഉഡുപ്പിയിൽ ഡിവൈഎസ്പിയായ ബെല്ലിയപ്പയുടെ നിർദേശത്തെ തുടർന്ന് സേസപ്പ മദ്യപാനം ഉപേക്ഷിച്ച് ജോലിയിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ശുചീകരണ ജോലിക്ക് പുറമെ നഗരസഭയുടെ മാലിന്യനീക്കം ചെയ്യുന്ന വാഹനം ഓടിക്കുന്ന ചുമതലയും സേസപ്പ നിർവഹിച്ചിട്ടുണ്ട്.
സേസപ്പയുടെ കുടുംബത്തിനും പാരമ്പര്യമായി ദൈവനർത്തനവുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ദൈവനർത്തകനായിരുന്നു. സേസപ്പയും ആ പാരമ്പര്യം തുടരുന്നുണ്ട്. മകനും ദൈവനർത്തകനാണ്. ഫോർച്യൂണറിൽ ജോലിക്കെത്തുന്ന നഗരസഭാ ജീവനക്കാരൻ എന്ന നിലയിൽ അപ്രതീക്ഷിതമായി പ്രശസ്തനായെങ്കിലും സേസപ്പയുടെ ദിനചര്യയ്ക്ക് മാറ്റമൊന്നുമില്ല. വിലകൂടിയ കാറിൽ എത്തും, പുറത്തിറങ്ങും, ചൂലെടുക്കും, വർഷങ്ങളായി ചെയ്തുവരുന്ന അതേ ജോലി തുടരും.






