തൃശ്ശൂർ: ആംബുലൻസിൽ കാൽക്കിലോ എംഡിഎംഎ കടത്തിയ സംഘത്തിലെ സൂത്രധാരൻ ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (കല്ല് റിയാസ്- 37) നോയിഡയിൽ അറസ്റ്റിൽ. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഇയാളെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് സാഹസികമായ് തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. മുൻപും എംഡിഎംഎ കടത്തുകേസിൽ പ്രതിയായ ഇയാൾ ബെംഗളൂരുവിൽനിന്ന് പല മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മാത്രമല്ല കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവസ്തുക്കൾ എത്തിക്കുന്നതിന്റെ ഇടനിലക്കാരനായ ഇയാൾ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിക്കൊണ്ടാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്. പിടികൂടുമ്പോൾ റിയാസ് താമസിച്ചിരുന്നത് 150-ഓളം കാവൽജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു. ഇവിടെ കയറി അറസ്റ്റുചെയ്യുക പ്രായോഗികമല്ലെന്നതിനാൽ ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയ സമയംനോക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം മേയ് 26-ന് വാണിയമ്പാറയിൽവെച്ച് ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ പിടികൂടിയതോടെയാണ് അന്വേഷണം ഇയാളിലേക്ക് എത്തുന്നത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരുടെ മൊഴിയിൽനിന്നാണ് റിയാസിനെക്കുറിച്ച് സൂചന ലഭിക്കുന്നത്. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന സൂചന കിട്ടിയ റിയാസ് ബെംഗളൂരുവിൽനിന്ന് കടന്നു. മൊബൈൽഫോൺ ഉപയോഗിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഇതിനിടെ ഇയാൾ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. അറസ്റ്റുചെയ്ത റിയാസിനെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി നർക്കോട്ടിക് സെൽ അസി. പോലീസ് കമ്മിഷണർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പീച്ചി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി. അമീർഅലി, തൃശ്ശൂർ സിറ്റി ഡാൻസാഫിലെ എഎസ്ഐ ടി.വി. ജീവൻ, സിപിഒ കെ.ബി. വിപിൻദാസ്, പീച്ചി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എസ്. ലാലു, സിപിഒ കെ.ബി. നിവ്യ, തൃശ്ശൂർ സിറ്റി സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ, തൃശ്ശൂർ സിറ്റി ഡാൻസാഫിലെ അംഗങ്ങളായ സിപിഒമാരായ വൈശാഖ് രാജ്, സ്റ്റിയോ ജോസ്, നിധീഷ്, സംഗീത്, അരുൺ, രാഹുൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.






