കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം. കുടുംബ വഴക്കിനിടെ ഭർത്താവിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം വയർ കീറി കുടൽ പുറത്തെടുത്തു. സംഭവത്തിന് പിന്നാലെ പരിഭ്രാന്തിയിലായ യുവതി വാടകവീടിന്റെ ടെറസിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെഹോവ റോഡിലെ രാജ് പാലസിന് സമീപമുള്ള വാടകവീട്ടിലാണ് സംഭവം. കൊല്ലപ്പെട്ട രാജേഷും ഭാര്യ വിമലാദേവിയുമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവദിവസം വൈകിട്ട് അഞ്ചോടെ ദമ്പതികൾ തമ്മിൽ വലിയ രീതിയിൽ വഴക്കിടുന്ന ശബ്ദം കേട്ടതായി വീട്ടുടമസ്ഥനായ റിങ്കു പറഞ്ഞു. ബഹളം കേട്ട് ടെറസിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ രാജേഷിനെ കണ്ടതായാണ് ഇയാളുടെ മൊഴി.
രാജേഷിന്റെ വയറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. വയറിൽനിന്ന് പുറത്തുവന്ന കുടൽ വിമല ഒരു ബാഗിലേക്ക് ഇടാൻ ശ്രമിക്കുന്നതായി കണ്ടെന്നും വീട്ടുടമസ്ഥൻ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. തന്നെ കണ്ടതോടെ പരിഭ്രാന്തിയിലായ വിമല ടെറസിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.
വീഴ്ചയിൽ പരുക്കേറ്റ വിമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ധാംപൂർ സ്വദേശിയാണ് കൊല്ലപ്പെട്ട രാജേഷ്. ഏകദേശം ഒരു വർഷമായി ഭാര്യയ്ക്കൊപ്പം കുരുക്ഷേത്രയിലായിരുന്നു താമസം. പെഹോവ റോഡിലെ ജലവിതരണ കമ്പനിയുടെ സപ്ലൈ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രാജേഷിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഗുരുതരത്വം വ്യക്തമായത്. വയറിൽ ഏകദേശം 35 സെന്റിമീറ്ററോളം നീളത്തിൽ മുറിവുണ്ടായിരുന്നതായും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആഴത്തിലുള്ള പരുക്കുകളുണ്ടായിരുന്നതായും കണ്ടെത്തി. വയറിനുള്ളിലെ കുടൽ പുറത്തേക്ക് വന്ന നിലയിലായിരുന്നു.
രാജേഷിന്റെ കരളിന്റെ വലിയൊരു ഭാഗവും വലത് വൃക്കയും കാണാതായതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അവയവങ്ങൾ എങ്ങനെ നഷ്ടപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതുപോലെ സംഭവസ്ഥലത്തുനിന്ന് വിവിധ വലുപ്പത്തിലുള്ള മൂന്ന് കത്തികളും പോലീസ് കണ്ടെടുത്തു. വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സുരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വിമല പരമ്പരാഗത ചികിത്സയുമായും മന്ത്രവാദം ഉൾപ്പെടെയുള്ള ആചാരങ്ങളുമായും ബന്ധപ്പെട്ടിരുന്നുവെന്ന് വീട്ടുടമസ്ഥൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ഇയാൾ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും രാജേഷിനും വിമലയ്ക്കും മക്കളില്ലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ദമ്പതികൾ തമ്മിലുള്ള മുൻകാല തർക്കങ്ങൾ, കുടുംബബന്ധം, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്നിവയും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. വിമലയുടെ മൊഴി, ഫോറൻസിക് പരിശോധനാ ഫലങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് പോലീസ് അറിയിച്ചു.






