മലമ്പുഴ: ആഗസ്റ്റ് 19 ന് മലമ്പുഴ ഉദ്യാനം സന്ദർശിച്ച വേളയിലാണ് അവിടെ ജോലി ചെയ്യുന്ന പത്തോളം വനിതാ തൊഴിലാളികൾ തങ്ങളുടെ നാല് മാസത്തെ ശമ്പളം കുടിശ്ശികയാണെന്ന വിവരം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചത്. വിവരം അറിഞ്ഞയുടൻ കേന്ദ്രമന്ത്രി പാലക്കാട് ജില്ലാ കളക്ടറുമായും കേരളം ടൂറിസം വകുപ്പുമായും സംസാരിച്ചു. ഇതിന്റെ ഫലമായി കുടിശ്ശികയുണ്ടായിരുന്ന നാല് മാസത്തെ ശമ്പളത്തിൽ നിന്ന് ഒരു മാസത്തെ ശമ്പളം കേരളം സർക്കാർ നൽകി. മൂന്ന് മാസത്തെ ശമ്പളം ഇപ്പോഴും കുടിശ്ശികയായി തുടരുകയാണ്.
ഇതിനിടെ ഓണക്കാലത്ത് തൊഴിലാളികൾക്ക് വിഷമത ഉണ്ടാകരുതെന്ന് കരുതി ഓണക്കിറ്റ് വ്യക്തിപരമായി നൽകാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. തുടർന്ന് കിറ്റുകൾ എത്രയും വേഗം വാങ്ങി നൽകാൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തുകയും അതിനുള്ള തുക താൻ കൈമാറാമെന്നും അറിയിച്ചു.
പിന്നാലെ സി. കൃഷ്ണകുമാറിന്റെയും ബിജെപി പ്രവർത്തകരുടെയും നേതൃത്വത്തിൽ മലമ്പുഴ ഉദ്യാനത്തിലെ വനിതാ തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ കൈമാറി. ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുജിത്ത്, ജനറൽ സെക്രട്ടറിമാരായ വിപിൻ, ജ്യോതിഷ്, മണ്ഡലം ഭാരവാഹികളായ സുബ്രഹ്മണ്യൻ, സുധീർ, ഉണ്ണികൃഷ്ണൻ, പ്രത്യു, മിറാഷ്, മലമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അജീഷ്, ശ്രീമതി. സുമിത്ര, സുചിത്ര,സജിതാ, ബിന്ദു , പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ എന്നിവർ നേതൃത്വം നൽകി.






