ന്യൂഡൽഹി: മക്കൾക്ക് മരുന്നു കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഭാര്യയുടെ കുടുംബത്തിലെ ആറ് പേർ ചേർന്ന് ആക്രമിച്ചതിനെ തുടർന്ന് 31കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ കൊലപ്പെടുത്തിയ സംഭവം നിറ കണ്ണുകളോടെ വിവരിച്ച് യുവാവിന്റെ അമ്മ. നോയിഡയിലെ അഡോബിൽ ജോലി ചെയ്തിരുന്ന വിനയ് ഗുപ്തയാണ് ഡൽഹിയിലെ നിഹാൽ വിഹാറിലെ വീട്ടിൽ ഭാര്യയുടേയും അവരുടെ വീട്ടുകാരുടേയും ആക്രമണത്തിനിരയായത്.
സംഭവസമയത്ത് ബന്ധുക്കൾ വീട്ടിലെത്തിയത് സമാധാനപരമായി ഇരുവരോടും സംസാരിക്കാനാണെന്ന് കരുതിയിരുന്നതെന്ന് വിനയ്‌യുടെ അമ്മ പറഞ്ഞു. വീട്ടിലെത്തിയവർ നേരെ മുകളിലെ നിലയിലേക്ക് കയറിവരികയായിരുന്നുവെന്നും, ബന്ധുക്കളായതിനാൽ അവരെ ഇരുത്താനും വെള്ളം നൽകാനും താൻ പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.
എന്നാൽ നിമിഷങ്ങൾക്കകം സ്ഥിതിഗതികൾ അക്രമാസക്തമായതായി അമ്മ ആരോപിച്ചു. വെള്ളം എടുക്കാൻ പോയി തിരിച്ചെത്തിയപ്പോൾ കണ്ടത് മകനെ കട്ടിലിൽ തള്ളിയിട്ട് കഴുത്തിൽ പിടിക്കുകയും വയറ്റിൽ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതാണെന്നും അവർ പറഞ്ഞു.
മകനെ ആക്രമിക്കുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിച്ച തങ്ങളെയും അവർ ആക്രമിച്ചുവെന്നും അമ്മ പറഞ്ഞു. വിനയ്‌യുടെ പിതാവിനെ തള്ളിയിട്ടതായും, തന്നെ ആക്രമിച്ചതായും അവർ ആരോപിച്ചു. അയൽവാസികൾ എത്തിയപ്പോഴേക്കും മകൻ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നുവെന്നും ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചുവെന്നും അമ്മ പറഞ്ഞു. വിനയ് തങ്ങളുടെ ഏക മകനായിരുന്നു. ക്യാൻസർ രോഗബാധിതനാണ് പിതാവ്.
സംഭവത്തിന് പിന്നിൽ ഭാര്യയായ രേഖ ഗുപ്തയുടെ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് വിനയ്‌യുടെ കുടുംബത്തിന്റെ ആരോപണം. ചെറിയ കുടുംബവഴക്കിനെ തുടർന്ന് രേഖ തന്റെ രണ്ട് സഹോദരന്മാർ, മാതാപിതാക്കൾ, സഹോദരഭാര്യ, അമ്മാവൻ എന്നിവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് കുടുംബം പറയുന്നത്.
ആക്രമണത്തിന് മുമ്പ് വീട്ടിലെ സിസിടിവി ക്യാമറകൾ മനഃപൂർവം ഓഫ് ചെയ്തതായും വിനയ്‌യുടെ അമ്മ ആരോപിച്ചു. മകനെ ബന്ധുക്കൾ ചേർന്ന് പിടിച്ചുവെച്ച് കഴുത്ത് ഞെരിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതായി അവർ മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ തർക്കത്തെ തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഭാര്യ വെറും പത്ത് മിനിറ്റിനുള്ളിൽ ബന്ധുക്കളായ ആറ് പേരുമായി തിരിച്ചെത്തിയെന്ന് വിനയ്യുടെ സഹോദരി പറയുന്നു. ബന്ധുക്കൾ താമസിക്കുന്ന സ്ഥലത്തുനിന്ന് വീട്ടിലെത്താൻ ഏകദേശം 30 മിനിറ്റ് വേണ്ടിവരുമെന്നിരിക്കെ ഇത്രയും വേഗം അവർ എത്തിയതിനെക്കുറിച്ചും സഹോദരി സംശയം ഉന്നയിച്ചു. ഭാര്യ നിരന്തരം ചെറിയ കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും വിനയ്‌യുടെ സഹോദരി ആരോപിച്ചു.
അതേസമയം മൂന്നര വർഷം മുമ്പാണ് വിനയും രേഖയും വിവാഹിതരായത്. ഏതാനും മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളാണ് ദമ്പതികൾക്കുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. ആക്രമണം നടന്നതിന്റെ കൃത്യമായ സാഹചര്യങ്ങളും സംഭവക്രമവും പോലീസ് പരിശോധിച്ചുവരികയാണ്.






