ഹമീർപൂർ: ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിടെ സ്വന്തം കടയിൽ വിൽപ്പന നടത്തിയിരുന്ന പലഹാരങ്ങൾ കഴിക്കാൻ വിസമ്മതിച്ച് ഉത്തർപ്രദേശിലെ ഹമീർപൂരിലെ മിഠായി കടയുടമയും ജോലിക്കാരും. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തിയെന്ന പരാതിയെ തുടർന്നാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ (എസ്ഡിഎം) നേതൃത്വത്തിൽ പരിശോധന നടന്നത്.
ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടെയുള്ള സംഘം കടയിലെത്തി മധുരപലഹാരങ്ങൾ പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കടയുടമയ്ക്ക് മിഠായി നൽകി അത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കടയുടമ മിഠായി സ്വീകരിക്കാൻ തയ്യാറായില്ല. കൈകൂപ്പി ഇയാൾ അത് കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. കടയിൽ ഉപഭോക്താക്കൾക്ക് വിൽപ്പന നടത്തിയിരുന്ന അതേ മിഠായി കഴിക്കാൻ ഉടമ തയ്യാറാകാതിരുന്നത് പരിശോധനയ്ക്കിടയിൽ ശ്രദ്ധേയമായ രംഗമായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്വന്തം കടയിലെ മിഠായി തന്നെ കഴിക്കാൻ കടയുടമ വിസമ്മതിച്ചതിനെ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതികരിച്ചത്. പരിശോധനയുടെ ഭാഗമായി മിഠായിയുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. സുരക്ഷ സംബന്ധിച്ച് സംശയം ഉയർന്നതിനെ തുടർന്ന് മിഠായികൾ നശിപ്പിക്കാനും എസ്ഡിഎം നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, കടയുടമ മിഠായി കഴിക്കാൻ വിസമ്മതിച്ചത് മായം കലർത്തിയതുകൊണ്ടാണെന്നതിന് തെളിവല്ല. ശേഖരിച്ച സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയ്ക്ക് ശേഷമേ മിഠായിയിൽ യഥാർഥത്തിൽ മായം കലർന്നിരുന്നോ ഭക്ഷ്യയോഗ്യമല്ലായിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ.
हमीरपुर में मिठाई दुकानदार ने अपनी ही मिठाई खाने से किया मना….
जैसे ही उसकी दुकान पर छापेमारी करने पहुंची टीम को मिठाई में मिलावट दिखी तो अधिकारी ने कहा कि ये अपनी मिठाई पहले खुद खाकर दिखाओ लेकिन दुकानदार ने मना कर दिया और बोला कि मैं नहीं खा सकता इसे ये स्वास्थ्य के लिए ठीक… pic.twitter.com/BJ7kOGhkNq
— Pushpraj sharma (@RealpushprajX) August 21, 2026






