ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. നിയമസഭയിലെ വിജയ്‌യുടെ പെരുമാറ്റത്തെ വിമർശിച്ച സ്റ്റാലിൻ, നിയമസഭയെ അദ്ദേഹം സിനിമാ സെറ്റുപോലെയാണ് കാണുന്നതെന്നും ശ്രദ്ധ പഞ്ച് ഡയലോഗുകൾ പറയുന്നതിലാണെന്നും ആരോപിച്ചു.
ഡി.എം.കെ. സർക്കാർ അവതരിപ്പിച്ച പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രിയെന്നും സ്റ്റാലിൻ ആരോപിച്ചു. ഡി.എം.കെ. എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘നമ്മൾ അവതരിപ്പിച്ച പദ്ധതികളുടെ പേരുമാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രി. അദ്ദേഹം നിയമസഭയെ സിനിമാ സെറ്റ് പോലെ കാണുകയും പഞ്ച് ഡയലോഗുകൾ പറയുകയും ചെയ്യുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം ജയിച്ചാലും തോറ്റാലും ജനങ്ങളുടെ നിത്യജീവിതവുമായി അങ്ങേയറ്റം അടുപ്പമുള്ള ആളുകളാണ് നാം’, സ്റ്റാലിൻ പറഞ്ഞു.
Related Post
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പാർട്ടിയുടെ തോൽവിയെ ഗൗരവത്തോടെ വിലയിരുത്തണമെന്നും സ്റ്റാലിൻ പറഞ്ഞു. തോൽവി പുനഃപരിശോധന നടത്തുന്നതിനും ഭാവിയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള അവസരമായി കാണണമെന്നും അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.






