പുറത്തൂർ (മലപ്പുറം): യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഫൗസിയ (37)യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിന് പിന്നാലെ ഹുസൈൻ ഒളിവിൽ പോയിരുന്നു.
തിരൂർ പൊന്നാനി പുഴയിൽ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നാണ് വെള്ളിയാഴ്ച ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെ ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായി മക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. മത്സ്യത്തൊഴിലാളിയായ ഹുസൈൻ കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അത് എടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഫൗസിയയെ വിളിച്ചുണർത്തി കൊണ്ടുപോയതെന്നാണ് മൊഴി.
രാവിലെ ഇരുവരെയും വീട്ടിൽ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നാണ് മക്കൾ കരുതിയത്. പിന്നീട് മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകുന്നേരമായിട്ടും മാതാപിതാക്കളെ കാണാതായതോടെ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്ക് സമീപം മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്ക് ഇറക്കുന്നതിനിടെ നങ്കൂരം ഉയർത്തുമ്പോൾ അതിന്റെ അറ്റത്ത് ചാക്ക് കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വീടിന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയ സ്ഥലം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ ഹുസൈന്റെ മൊബൈൽ ഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപം ഓണാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. ഹുസൈൻ എവിടേക്കാണ് പോയതെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഇയാൾ പിടിയിലായത്.
അതേസമയം, ഫൗസിയയും ഹുസൈനും തമ്മിൽ ബുധനാഴ്ച രാത്രി വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറുകയും തുടർന്ന് പ്രാണരക്ഷാർഥം ഇവർ അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നതായാണ് വിവരം.
ഈ സംഭവവും ഫൗസിയയുടെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ ഹുസൈനെ ചോദ്യം ചെയ്തതിലൂടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.






