തിരുവനന്തപുരം: എ.എൻ. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളിയോടുള്ള സി.പി.എമ്മിന്റെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഷംസീർ മുസ്‌ലിം ലീഗുകാരനാണെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശം നടത്താൻ പാടില്ലാത്തതായിരുന്നുവെന്നും സി.പി.എമ്മിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നിലപാട് വർഗീയമാണോ എന്നത് പരിശോധിച്ച് പറയാമെന്നും വർഗീയ പരാമർശമാണെന്ന് ബോധ്യപ്പെട്ടാൽ അങ്ങനെ പറയാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇവിടെ വെള്ളാപ്പള്ളി പറഞ്ഞത് വർഗീയതയെക്കുറിച്ചല്ല, മുസ്‌ലിം ലീഗിനെക്കുറിച്ചാണെന്നും ഗോവിന്ദൻ പറഞ്ഞു.
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന്, ലീഗിനെ വർഗീയ പാർട്ടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ചില ഘട്ടങ്ങളിൽ ലീഗ് വർഗീയ നിലപാടുകൾ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസിനെതിരെയും എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ബി.ജെ.പിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമൊപ്പമാണ് കോൺഗ്രസെന്നും ഇ.ഡിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്തത് ഇവർ ചേർന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നും ബിസിനസ് ബിസിനസായി തന്നെ നടക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പാർട്ടി നേതാക്കൾക്കെതിരെ നടപടികളോ ആരോപണങ്ങളോ ഉണ്ടായാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.






