പെരുമണ്ണ (കോഴിക്കോട്): കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ പ്ലസ് ടു വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പെരുമണ്ണ കുറങ്ങോട്ടുമ്മൽ സ്വദേശി ഷഹൽ ഷാ (17) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേപ്പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷഹൽ. ഇതിനിടെ ഒന്നരയാൾ താഴ്ചയുള്ള കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
ഷഹൽ മുങ്ങിയതോടെ കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെടുത്തു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരുമണ്ണ കുറങ്ങോട്ടുമ്മൽ സാലിയുടെയും ഹസീനയുടെയും മൂത്ത മകനാണ് ഷഹൽ ഷാ. പെരുമണ്ണ ഇ.എം.എസ്. സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
അപകടമുണ്ടായ ചാലിക്കുളം അടുത്തിടെയാണ് നവീകരിച്ചത്. ഇതിന്റെ ഭാഗമായി കുളത്തിന്റെ ആഴവും വീതിയും വർധിപ്പിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ദിവസവും ഇവിടെ കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.






