തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വഹിക്കുന്ന പദവിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പരാമർശമാണ് ഉണ്ടായതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുന്നതാണ് എൽ.ഡി.എഫിന്റെ പൊതുരാഷ്ട്രീയ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലൂടെ ഇരുപാർട്ടികളും മാറ്റിവെച്ച വിഷയത്തിൽ ഏകപക്ഷീയമായ പ്രഖ്യാപനം നടത്തുന്നത് മുന്നണിയുടെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
“ഇത്തരത്തിൽ പിണറായി വിജയൻ പറയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്ന് പറയേണ്ടിവരും. എല്ലാ വിനയത്തോടെയും പറയട്ടെ, തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നതാണ് എൽ.ഡി.എഫിന്റെ പൊതുനിലപാട്,” ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃപദവി എൽ.ഡി.എഫിൽ ഇപ്പോഴും തർക്കവിഷയമാണെന്നും സി.പി.എം, സി.പി.ഐ കേന്ദ്ര നേതൃത്വങ്ങളും സംസ്ഥാന നേതൃത്വങ്ങളും ഘടകങ്ങളും ഉൾപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് ആരായിരിക്കണമെന്നത് സംബന്ധിച്ച് സ്പീക്കർക്ക് കത്ത് നൽകേണ്ടത് താനാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. “കത്ത് കൊടുത്താൽ ഉപനേതാവ് വരും. കത്തിലെ പേര് സി.പി.എം നേതാവിന്റെ പേരായിരിക്കും” എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിണറായി നൽകിയ മറുപടി.






