കടപ്ര (പത്തനംതിട്ട): അമ്മയെ മർദിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച സംഭവത്തിൽ മകൻ ടിജോ തോമസിന് പങ്കുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചത് നിർണായകമായ ഒരു ഫോൺ സന്ദേശത്തിലൂടെ. “പൊന്നമ്മയുടെ മൃതദേഹം ഒന്നുപോയിക്കാണണം” എന്നായിരുന്നു ബുധനാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച സന്ദേശം. സന്ദേശം നൽകിയ വ്യക്തി ആരാണെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാമെന്നാണ് സൂചന.
കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ടതാണെന്നും മകൻ ടിജോ തോമസിന് സംഭവത്തിൽ പ്രധാന പങ്കുണ്ടാകാമെന്നുമുള്ള സൂചനയാണ് ഫോൺ സന്ദേശത്തിലൂടെ ലഭിച്ചത്. നേരിട്ട് കൊലപാതകത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെങ്കിലും സന്ദേശം അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷിന്റെയും കോയിപ്രം എസ്.എച്ച്.ഒ. പങ്കജ് കൃഷ്ണന്റെയും നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി. തുടർന്ന് സംഭവത്തിൽ ടിജോ തോമസിനെയും സുഹൃത്ത് റിൻസിമോളെയും പൊലീസ് അറസ്റ്റ് ചെയ്തു.
കടുത്ത മദ്യപാനവും ലഹരി ഉപയോഗവും ദുർനടപ്പും ഉണ്ടായിരുന്ന ടിജോ ബന്ധുക്കളിൽനിന്ന് അകന്നുകഴിഞ്ഞിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുണെയിൽ നഴ്സായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി ടിജോ പോയപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ റിൻസിമോളെ പരിചയപ്പെടുന്നത്. അവിടെ നടന്ന ഒരു വിവാഹസത്കാരത്തിനിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
പിന്നീട് നാട്ടിലെത്തിയ ശേഷവും റിൻസിയുമായുള്ള ബന്ധം ടിജോ തുടർന്നു. റിൻസിക്കായി നാട്ടിൽ ഫ്ളാറ്റ് സംഘടിപ്പിച്ചുകൊടുത്തതായും പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ടിജോയുടെ ഭാര്യ അറിഞ്ഞതോടെ ആറുമാസം മുൻപ് അവർ വീട് വിട്ടുപോയി.
ഇതിനിടെ രോഗബാധിതയായ അമ്മയെ പരിചരിക്കാനെന്ന പേരിൽ ഹോംനഴ്സായി റിൻസിമോളെ ടിജോ വീട്ടിലെത്തിച്ചു. എന്നാൽ അമ്മയുടെ രോഗാവസ്ഥ ‘ശല്യമായി’ മാറിയതോടെ ഇതുമായി ബന്ധപ്പെട്ട് ടിജോയും റിൻസിയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയിലുണ്ടായ വഴക്കിനിടെയാണ് സംഭവത്തിന്റെ നിർണായക ഘട്ടം. വഴക്ക് തടയാനെത്തിയ പൊന്നമ്മയെ ടിജോ മർദിച്ചു. മർദനമാണ് മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പൊന്നമ്മയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മർദനത്തെ തുടർന്നുള്ള പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർക്ക് അപ്പോൾ മനസ്സിലായില്ലെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊന്നമ്മയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
ബുധനാഴ്ച രാവിലെ ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം അന്വേഷണം ബന്ധുക്കളിലേക്കും അയൽവാസികളിലേക്കും വ്യാപിപ്പിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ടിജോയിലേക്കും റിൻസിമോളിലേക്കും എത്തിയത്. ഇരുവർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.






