കീവ്: യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുടെ ജന്മനാടായ ക്രിവി റിഹിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടു. 120ലേറെ പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പകൽ നഗരത്തിലെ ഒരു ഷോപ്പിങ് സെന്ററിന് നേരെയാണ് രണ്ട് റഷ്യൻ ഡ്രോണുകൾ ആക്രമണം നടത്തിയത്. പരുക്കേറ്റവരിൽ 22 കുട്ടികളും ഉൾപ്പെടുന്നു. അതിൽ അഞ്ച് കുട്ടികളടക്കം 29 പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ഗവർണർ ഒലെക്സാണ്ടർ ഹാൻഷ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആദ്യ ഡ്രോൺ ആക്രമണത്തിന് പിന്നാലെ അരമണിക്കൂറിനകം രണ്ടാമത്തെ ഡ്രോൺ ഷോപ്പിങ് സെന്ററിന് സമീപം പതിച്ചതായി സെലെൻസ്കി ആരോപിച്ചു. രക്ഷാപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള മനഃപൂർവമായ ആക്രമണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തികച്ചും നിന്ദ്യവും ക്രൂരവുമായ ആക്രമണം എന്നാണ് സെലെൻസ്കി വിശേഷിപ്പിച്ചത്. ഇത്തരം ആക്രമണങ്ങൾ ഭീകരപ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമല്ലെന്നും റഷ്യയെ ഉത്തരവാദിത്തത്തിന് വിധേയമാക്കാൻ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം യുക്രൈനിൽ യുദ്ധം നാലര വർഷത്തോട് അടുക്കുന്നതിനിടെ റഷ്യ വ്യോമാക്രമണം ശക്തമാക്കുകയാണ്. വ്യാഴാഴ്ച യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ, റഷ്യയ്ക്കെതിരായ ആക്രമണങ്ങളും യുക്രൈൻ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ എണ്ണസംവിധാനങ്ങളും യുദ്ധവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. മോസ്കോയുടെ യുദ്ധശേഷിയെ ദുർബലപ്പെടുത്തുകയാണ് ഇതിലൂടെ യുക്രൈന്റെ ലക്ഷ്യം.






