മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ടതിനു പിന്നിൽ ഐഫോണിന്റെ ഇഎംഐ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കുടുംബവഴക്ക്. ആത്മഹത്യാ ഭീഷണി മ18കാരനും മാതാപിതാക്കളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിസ്ഗാവ് മേഖലയിലെ കുന്നിൻമുകളിൽ മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനിടെയാണ് കുനാൽ ചാംഗ്ഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവർ മരിച്ചത്.
പോലീസ് പറയുന്നതനുസരിച്ച്, കുനാൽ അടുത്തിടെ ഒരു ഐഫോൺ വാങ്ങിയിരുന്നു. ഫോണിന്റെ ഇഎംഐ അടയ്ക്കാൻ വീട്ടുകാരോട് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പിതാവുമായി തർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ കുനാൽ വീട്ടിൽനിന്ന് ഇറങ്ങി തിസ്ഗാവ് മേഖലയിലെ കുന്നിൻമുകളിൽ കയറിയെന്നാണ് വിവരം.
ഇന്നലെ രാവിലെ പത്ത് മണിയോടെ കുന്നിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി കുനാലിനെ പിന്തിരിപ്പിക്കാൻ മാതാപിതാക്കളും നാട്ടുകാരും ശ്രമിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനിടയിൽ കുനാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
“അമ്മയ്ക്കുവേണ്ടി ജീവിക്കൂ” എന്ന് ഒരാൾ കുനാലിനോട് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ “ഇല്ല, എനിക്ക് മരിക്കണം. അതാണ് ഏക വഴി” എന്നായിരുന്നു കുനാലിന്റെ മറുപടി. ചിലർ ഐഫോൺ 15 പ്രോ വാങ്ങിത്തരാമെന്നും പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുനാൽ വഴങ്ങിയില്ലെന്ന് മുൻ തിസ്ഗാവ് സർപഞ്ച് സഞ്ജയ് ജാദവ് പറഞ്ഞു.
ഏകദേശം ഉച്ചയ്ക്ക് ഒന്നോടെ കുനാലിന്റെ പിതാവ് മുരളീധർ കുന്നിൻമുകളിലേക്ക് കയറി മകനെ പിടിച്ചുവലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ചു. ഇതിനിടെ ഇരുവർക്കും നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ടതിന് പിന്നാലെ സംഗീതയും കുന്നിൽനിന്ന് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പേലീസ് അറിയിച്ചു. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംഭവസ്ഥലത്ത് പോലീസ്, അഗ്നിരക്ഷാസേന എന്നിവരും എത്തിയിരുന്നു. എന്നാൽ മണിക്കൂറുകളോളം നീണ്ട രക്ഷാശ്രമത്തിനിടെ സുരക്ഷാ വല സ്ഥാപിക്കാൻ കഴിയാതിരുന്നതിന്റെ കാരണമടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല. കുനാൽ വിഷാദരോഗം ഉൾപ്പെടെയുള്ള മാനസികപ്രശ്നങ്ങൾ നേരിട്ടിരുന്നോ എന്നതിലും പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. കുടുംബവഴക്കിന്റെ കൂടുതൽ വിശദാംശങ്ങളും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.






