നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരേ യുവതിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. 27കാരനായ ഗൗരവ് പങ്കജ് റാഗ്ഡെയെയാണ് സുഹൃത്തും ഗുണ്ടയുമായ ഗൗരവ് റാംഭാവു റാവുത്തും കൂട്ടാളി അഭിഷേക് വാസ്നിക്കും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്. നാഗ്പൂരിലെ നരേന്ദ്രനഗറിലെ സുന്ദർബൻ പ്രദേശത്താണ് സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഗൗരവ് പങ്കജ് റാഗ്ഡെ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങി രണ്ടാഴ്ച തികയുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. ഗൗരവ് പങ്കജ് റാഗ്ഡെയും ഗൗരവ് റാംഭാവു റാവുത്തും സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇരുവരും ഒരേ യുവതിയുമായി പ്രണയബന്ധത്തിലായതോടെ സുഹൃത് ബന്ധത്തിൽ വിള്ളൽ വീണു. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗൗരവ് പങ്കജ് റാഗ്ഡെയെ ഗുണ്ടാസംഘം കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയതായി പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ ഗൗരവ് റാംഭാവു റാവുത്തിനും അഭിഷേക് വാസ്നിക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.






