ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കൊണ്ട സുരേഖയുടെ മകൾ കൊണ്ട സുഷ്മിത നടത്തിയ പരസ്യവെല്ലുവിളിയോടെ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും മറനീക്കി പുറത്തേക്ക്. പാർക്കൽ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിത്വം ലക്ഷ്യമിടുന്ന സുഷ്മിതയാണ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
ബുധനാഴ്ച പാർക്കലിൽ നടത്തിയ പ്രസംഗത്തിൽ നിലവിലെ എംഎൽഎ റെവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡി പിന്തുണ നൽകുന്നതിനെ സുഷ്മിത ചോദ്യം ചെയ്തു. അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടതില്ലെന്നും എംഎൽഎ സ്ഥാനം രാജിവെച്ച് ഇപ്പോൾ തന്നെ മത്സരിക്കണമെന്നും അവർ വെല്ലുവിളിച്ചു.
“എന്തിനാണ് രണ്ട് വർഷം കാത്തിരിക്കുന്നത്? ഇപ്പോൾ തന്നെ രാജിവെക്കാൻ പറയൂ. രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറയൂ,” എന്നായിരുന്നു സുഷ്മിതയുടെ പരാമർശം. “നിങ്ങളോ നിങ്ങളുടെ അപ്പനോ, മുത്തച്ഛനോ വന്നാലും പാർക്കലിലെ എംഎൽഎ ഞാൻ തന്നെയായിരിക്കും” എന്നും അവർ വെല്ലുവിളിച്ചു. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും തയ്യാറാണെന്ന് സുഷ്മിത വ്യക്തമാക്കി. “എന്റെ ടിക്കറ്റ് തീരുമാനിക്കാൻ രേവന്ത് ആരാണ്?” എന്നും അവർ ചോദിച്ചു.
അതേസമയം രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും സുഷ്മിത ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് അഹങ്കാരമാണ് എന്ന് ആരോപിച്ച അവർ കോൺഗ്രസിനെ “ടിഡി കോൺഗ്രസ്” ആക്കി മാറ്റിയെന്നും പഴയ കോൺഗ്രസ് നേതാക്കളിൽ പലർക്കും പാർട്ടിയുടെ ഇപ്പോഴത്തെ രീതിയിൽ അതൃപ്തിയുണ്ടെന്നും പറഞ്ഞു.
അതുപോലെ മുഖ്യമന്ത്രിയുടെ സഹോദരനുമായി ബന്ധപ്പെട്ട് 200 കോടി രൂപയുടെ ഭൂമി ഇടപാട് നടന്നെന്ന ആരോപണവും സുഷ്മിത ഉന്നയിച്ചു. രേവന്ത് റെഡ്ഡിയുടെ കുടുംബവുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതേസമയം ഒരു മന്ത്രിയുടെ മകൾ തന്നെ മുഖ്യമന്ത്രിക്കെതിരെ ഇത്രയും രൂക്ഷമായി പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെട്ടു. സുഷ്മിതയുടെ പരാമർശങ്ങളിൽ വിശദീകരണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി മന്ത്രി കൊണ്ട സുരേഖയോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
പിന്നാലെ മറ്റൊരു നടപടിയിൽ മുതിർന്ന നേതാവ് ജക്കിടി പ്രഭാകർ റെഡ്ഡിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ മന്ത്രിയും പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായ ചിന്ന റെഡ്ഡിയോടും വിശദീകരണം തേടി. മന്ത്രിതലത്തിൽ ഉൾപ്പെടെ പാർട്ടിയിലെ അച്ചടക്കലംഘനം അംഗീകരിക്കില്ലെന്നും ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കണമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടികൾ.
അതേസമയം, കോൺഗ്രസ് എംഎൽഎ കൊമടിരെഡ്ഡി രാജഗോപാൽ റെഡ്ഡിയുടെ വിമർശനങ്ങളും പാർട്ടിക്കുള്ളിലെ പഴയ ഭിന്നതകൾ വീണ്ടും ചർച്ചയാക്കുകയാണ്. രേവന്ത് റെഡ്ഡി സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള രാജഗോപാൽ റെഡ്ഡി ഭരണത്തിൽ പുറത്തുനിന്നുള്ളവരുടെയും ചില വിഭാഗങ്ങളുടെയും സ്വാധീനത്തെയും ചോദ്യം ചെയ്തിരുന്നു.
ചരിത്രം നോക്കിയാൽ തെലങ്കാന കോൺഗ്രസിലെ ഇപ്പോഴത്തെ തർക്കത്തിന് പിന്നിൽ വർഷങ്ങളായി നിലനിൽക്കുന്ന രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അധികാര പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഒരു വശത്ത് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള പഴയ കോൺഗ്രസ് വിഭാഗവും മറുവശത്ത് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട പുതിയ അധികാര ഘടനയുമാണ്.
ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, എൻ. ഉത്തം കുമാർ റെഡ്ഡി, കൊമടിരെഡ്ഡി വെങ്കട് റെഡ്ഡി, ഡി. ശ്രീധർ ബാബു, ദാമോദർ രാജനരസിംഹ, കൊണ്ട സുരേഖ, മുതിർന്ന നേതാവ് വി. ഹനുമന്ത റാവു തുടങ്ങിയവരാണ് പഴയ നിരയിലെ പ്രധാന നേതാക്കൾ. രേവന്ത് റെഡ്ഡി ടിപിസിസി അധ്യക്ഷനായതിലും പിന്നീട് മുഖ്യമന്ത്രിയായതിലും ഇവരിൽ ചിലർ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രേവന്ത് റെഡ്ഡിയെ കേന്ദ്രീകരിച്ചുള്ള പുതിയ അധികാര ഘടനയിൽ ടിപിസിസി അധ്യക്ഷൻ ബി. മഹേഷ് കുമാർ ഗൗഡ്, സിഡബ്ല്യുസി പ്രത്യേക ക്ഷണിതാവ് ചി. വംശി ചന്ദ് റെഡ്ഡി, ചാമല കിരൺ കുമാർ റെഡ്ഡി, രാജ്യസഭാംഗങ്ങളായ അനിൽ കുമാർ യാദവ്, വി. നരേന്ദ്ര റെഡ്ഡി തുടങ്ങിയവർ പ്രധാന പങ്ക് വഹിക്കുന്നു. മന്ത്രിമാരായ പൊംഗുലേട്ടി ശ്രീനിവാസ റെഡ്ഡി, ഡി. അനസൂയ സീതക്ക എന്നിവരെയും രേവന്ത് അനുകൂലികളായി വിശേഷിപ്പിക്കപ്പെടുന്നു.
പാർക്കൽ സീറ്റ് സംബന്ധിച്ച തർക്കം ഇപ്പോൾ ഒരു പ്രാദേശിക സ്ഥാനാർഥിത്വ പ്രശ്നത്തിൽ നിന്ന് തെലങ്കാന കോൺഗ്രസിലെ വലിയ അധികാര പോരാട്ടത്തിന്റെ പ്രതീകമായി മാറുകയാണ്. വിമത സ്വരങ്ങളെ കർശനമായി അടിച്ചമർത്തിയാൽ ശക്തമായ പ്രാദേശിക സ്വാധീനമുള്ള മുതിർന്ന നേതാക്കളെ അകറ്റിനിർത്തേണ്ടിവരുമെന്ന ആശങ്ക ഹൈക്കമാൻഡിനുണ്ട്. അതേസമയം, ഭിന്നതകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിനും പാർട്ടിയിലെ നിയന്ത്രണത്തിനും തിരിച്ചടിയാകുമെന്ന വെല്ലുവിളിയും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്.






