അമ്പലപ്പുഴ: വീടിനടുത്തുള്ള റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ വീടും റെയിൽ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ല. വീടിന്റെ മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ആരുംകാണാതെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്കു കയറുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് 6നു കൊല്ലത്തേക്കു പോയ മെമു തട്ടി കാക്കാഴം പുതുവൽ വിനീതിന്റെയും സൂര്യയുടെയും ഏക മകൻ ദ്രിനവ് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്കു പോയിരുന്നു. ഇതേസമയം കുഞ്ഞിനെ അമ്മയായ സൂര്യയുടെ വെളിംപറമ്പ് വീട്ടിലാണ് ഏൽപിച്ചിരുന്നത്.
കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പാളത്തിനരികിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. മകന്റെ മരണവാർത്ത അറിഞ്ഞു തളർന്നുവീണ വിനീതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അച്ഛനും അമ്മയും ജോലികഴിഞ്ഞ് വൈകിട്ട് വരുന്നതും കാത്ത് ദ്രിനവ് വീടിന്റെ വാതിൽപടിയിൽ നിൽക്കുന്നത് പതിവുകാഴ്ച ആയിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നു. അമ്പലപ്പുഴ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.






