ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയെ എൻ.ഡി.എ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. അത്താവലെയുടെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദീപ്കെ തയ്യാറാകണമെന്ന് മന്ത്രി തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണിതെന്നും അതിനാൽ ദീപ്കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദീപ്കെ ചുറുചുറുക്കുള്ള ഒരു അംബേദ്കറൈറ്റ് നേതാവാണെന്നാണ് തൻ്റെ വിശ്വാസമെന്നും അദ്ദേഹം പാർട്ടിയിൽ ചേരുന്നത് സംഘടനയെയും സമൂഹത്തെയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അത്താവലെ കൂട്ടിച്ചേർത്തു. എന്നാൽ, കേന്ദ്രമന്ത്രിയുടെ ഈ ക്ഷണത്തോട് ദീപ്കെ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനില്ലെന്ന് അദ്ദേഹം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, രാജ്യത്തിന് ഇപ്പോൾ ആവശ്യം മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും ഒരു ജനകീയ മുന്നേറ്റമാണെന്നും ദീപ്കെ മുൻപ് പറഞ്ഞിട്ടുണ്ട്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതിയിലും തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ദീപ്കെയുടെ നിലപാട്.






