ആലപ്പുഴ: കരുവാറ്റ കൊലപാതക കേസിൽ കൊല്ലപ്പെട്ട ശിവൻകുട്ടി ക്രൂരമർദ്ദനത്തിന് ഇരയായായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. അടിയെ തുടർന്ന് തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയിൽ ആയ ശേഷം പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. താടിയെല്ലിന് മുകളിലേക്ക് ആഴത്തിലുള്ള പരുക്കുകളുമുണ്ട്.
അതേസമയം കൃത്യത്തിലെ മുഖ്യ ആസൂത്രക 13കാരി തന്നെയാണെന്ന് പോലീസ് അറിയിച്ചു. നാലുപേരും ചേർന്ന് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടത്തിയത്. പെൺകുട്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്വർണവും പണവും എവിടെയെന്നത് സംബന്ധിച്ചും എങ്ങനെ അകത്തുകടക്കണമെന്നും കൃത്യമായ വിവരം പ്രതികൾക്ക് നൽകിയിരുന്നു. കൊല്ലാനായിരുന്നു പതിമൂന്നുകാരിയുടെ നിർദേശമെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൾ കരുവാറ്റയിൽ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് പ്രതികൾ വീടിനകത്ത് പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവൻകുട്ടി എത്തിയപ്പോഴായിരുന്നു ക്രൂരമർദ്ദനം. കൂട്ടുപ്രതികൾ പെൺകുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു പ്രൊഫഷണൽ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
അതേസമയം 67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടിൽ നിന്നും ആറു പവൻ സ്വർണമാണ് മോഷണം പോയത്. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിൽ 13കാരി കണ്ടിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. ശിവൻകുട്ടിയുടെ മകളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശിവൻകുട്ടിയുടെ ഭാര്യയും ഇവർക്കൊപ്പമാണ്. ഇതോടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരിൽ അവിടെ നിന്നിറങ്ങിയ വിദ്യാർത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്.
വീട് തുറക്കാൻ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. എന്നാൽ വയോധികൻ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പെൺകുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്.






