ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രമായ മുരശൊലി. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നുവെന്നാണ് മുഖപത്രത്തിന്റെ വിമർശനം.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തൃഷയ്ക്ക് മുൻനിരയിൽ സ്ഥാനം നൽകിയതും മുഖപത്രം ചോദ്യം ചെയ്തു. ചടങ്ങിനിടെ വിജയ് സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പോലും ലജ്ജാകരമാണെന്നും മുരശൊലി വിമർശിച്ചു. ഇക്കാര്യങ്ങൾ വിജയ്‌യുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രം ആരോപിച്ചു.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടന്നതിന് പിന്നാലെ മൂന്നാം ദിവസമാണ് മുരശൊലിയുടെ ഒന്നാം പേജിൽ വിജയ്‌ക്കെതിരായ രൂക്ഷ വിമർശനം പ്രസിദ്ധീകരിച്ചത്.
ചെന്നൈ സെന്റ് ജോർജ് ഫോർട്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് തൃഷ പങ്കെടുത്തത്. വിജയ്‌യുടെ മാതാപിതാക്കളായ എസ്. എ. ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനും സമീപമായാണ് തൃഷ പരേഡ് വീക്ഷിച്ചത്. തൃഷയുടെ അമ്മ ഉമ കൃഷ്ണനും ചടങ്ങിൽ എത്തിയിരുന്നു.
വിജയ്‌യുടെ മാതാപിതാക്കൾക്കും തൃഷയ്ക്കുമൊപ്പം മുൻനിരയിൽ ഇരുന്നാണ് നടി സ്വാതന്ത്ര്യദിന പരേഡ് കണ്ടത്.
ചടങ്ങിനെത്തിയ തൃഷയുടെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരേഡിനിടെ തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി വിജയ് അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാമായിരുന്നു.
തൃഷയുടെ സാന്നിധ്യവും അവർക്ക് ലഭിച്ച മുൻനിരയിലെ ഇരിപ്പിടവും വിജയ്‌യുടെ പെരുമാറ്റവുമാണ് ഇപ്പോൾ രാഷ്ട്രീയ വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. ചടങ്ങിലെ ദൃശ്യങ്ങളെ മുൻനിർത്തി വിജയ്‌ക്കെതിരെ ഡിഎംകെ മുഖപത്രം തന്നെ രംഗത്തെത്തിയതോടെ വിഷയം തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയാവുകയാണ്.






