വാഗമൺ: ഇടുക്കി വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശിയായ പ്രത്യാശ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ചോറ്റുപാറയിലെ ഒരു റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലൊരാളായിരുന്നു പ്രത്യാശ്.
റിസോർട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഇദ്ദേഹം കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ രക്ഷപ്പെടുത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മഴക്കാലമായതിനാൽ പ്രദേശത്തെ തോടുകളിലും വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്കുള്ള സമയമാണിത്.
ഇത്തരം സ്ഥലങ്ങളിലെ അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ വിനോദസഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങുന്നത് വലിയ ദുരന്തങ്ങൾക്ക് വഴി വെക്കുന്നുണ്ട്. പ്രാദേശികമായ ഇത്തരം വെള്ളച്ചാട്ടങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.




