തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു മന്ത്രി ബിന്ദു കൃഷ്ണ. ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികളെന്ന് ചോദിച്ച മന്ത്രി, ഒരു സംഘടനയുടെ ഭാരവാഹികളാകാൻ കുറഞ്ഞ പക്ഷം സംസ്കാരമെങ്കിലും വേണമെന്നും പറഞ്ഞു. തങ്ങൾ പുരുഷന്മാർക്ക് എതിരല്ല. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന ഇത്തരം ആളുകളെ സ്ഥാനത്ത് ഇരുത്തണോ എന്ന് സംഘടനയിലെ ആത്മാഭിമാനമുള്ള പുരുഷന്മാർ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് നടന്ന വനിതാ സംഗമത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ് സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വനിതാ സംഗമത്തിനെതിരെയായിരുന്നു അജിത് കുമാറിൻ്റെ പരാമർശം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അർധരാത്രിയിലാണെങ്കിലും 79 വർഷങ്ങൾക്കിപ്പുറവും രാത്രികൾ സ്ത്രീകൾക്ക് അന്യമായി പോകുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഭയലേശമില്ലാതെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പൊതുയിടങ്ങളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഇപ്പോഴും പൂർണമായി ലഭ്യമായിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.




