ബംഗളൂരു: ആർ.എസ്.എസ് , വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദൾ എന്നീ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന് മുൻ ആർ.എസ്.എസ് പ്രചാരകനായ യശ്വന്ത് സഹദേവ് ഷിൻഡെ. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരിക്കുന്നത്. രാജ്യത്ത് നടന്ന പല ബോംബ് സ്ഫോടനങ്ങളിലും ഈ സംഘടനകളുടെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് ഷിൻഡെ ഉന്നയിക്കുന്നത്.
2000 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുതിർന്ന നേതാവ് ഇന്ദ്രേഷ് കുമാർ, വി.എച്ച്.പി ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദെ എന്നിവർക്കുള്ള പങ്ക് അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും ഷിൻഡെ ആവശ്യപ്പെടുന്നു. വർഷങ്ങളായി ഹിന്ദുത്വ സംഘടനകൾക്കെതിരെ നിരന്തരം നിയമപോരാട്ടം നടത്തുന്ന വ്യക്തി കൂടിയാണ് യശ്വന്ത് ഷിൻഡെ. 1990 മുതൽ ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായിരുന്നു യശ്വന്ത് ഷിൻഡെ.
എന്നാൽ, ബോംബ് നിർമ്മാണത്തിനും പരിശീലനത്തിനുമുള്ള സംഘത്തിൽ ചേരാൻ നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് താൻ സംഘടന വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2003-ൽ മിലിന്ദ് പരാന്ദെയുടെ നേതൃത്വത്തിൽ ഇരുപതോളം പേർക്ക് ബോംബ് നിർമ്മാണത്തിൽ പരിശീലനം നൽകിയിരുന്നു. രാജ്യത്തുടനീളം സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത യോഗങ്ങളിൽ താനും പങ്കെടുത്തിട്ടുണ്ടെന്ന് 2022-ൽ മഹാരാഷ്ട്രയിലെ നാന്ദേഡ് സി.ബി.ഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്തി അതിന്റെ ഉത്തരവാദിത്തം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെക്കുന്നതിനായി പ്രത്യേക പരിശീലനം നൽകിയിരുന്നതായി മുൻപ് നൽകിയ പല അഭിമുഖങ്ങളിലും ഷിൻഡെ ആരോപിച്ചിട്ടുണ്ട്. അജ്മീർ ദർഗ സ്ഫോടനക്കേസ്, 2008-ലെ മലേഗാവ് സ്ഫോടനക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയും ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരെ നിരവധി ആരോപണങ്ങളാണ് അദ്ദേഹം കത്തിൽ അക്കമിട്ട് നിരത്തുന്നത്.






