ന്യൂഡൽഹി: ‘നരേന്ദ്ര’ എന്ന പേര് കേൾക്കുമ്പോഴേ വെറുപ്പാകുന്നു… പാകിസ്താൻ ബോക്സർ പറഞ്ഞ ഈ തമാശക്കഥ കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊട്ടിച്ചിരിച്ചു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ബോക്സർ നരേന്ദ്ര ബെർവാളാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ 2015ലെ രസകരമായ അനുഭവം പങ്കുവെച്ചത്.
2015ലെ ലോക സൈനിക ഗെയിംസിൽ പാകിസ്താൻ താരത്തിനെതിരെ നടന്ന മത്സരത്തെക്കുറിച്ചാണ് ബെർവാൾ മോദിയോട് പറഞ്ഞത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക ഗെയിംസായതിനാൽ മത്സരത്തിൽ പരാജയപ്പെടരുതെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ തന്നോട് പ്രത്യേകം പറഞ്ഞിരുന്നതായി ബെർവാൾ വ്യക്തമാക്കി.
മത്സരത്തിൽ ബെർവാൾ വിജയിച്ചു. ആദ്യ റൗണ്ടിൽ 4-1നും രണ്ടാം റൗണ്ടിൽ 3-2നുമായിരുന്നു വിജയം. എന്നാൽ മത്സരത്തിനിടെ ഇരുവർക്കും മുഖത്ത് പരിക്കേറ്റതിനാൽ പിന്നീട് ഒരുമിച്ച് ആശുപത്രിയിലെത്തി തുന്നലുകൾ ഇടേണ്ടിവന്നു.
ആശുപത്രിയിൽവെച്ചുള്ള സംഭാഷണത്തിനിടെയാണ് പാകിസ്താൻ താരം ബെർവാളിനോട് രസകരമായ ഒരു കാര്യം പറഞ്ഞത്. അന്ന് ബെർവാളിന്റെ പേര് നരേന്ദ്രയായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സൈനിക പരിശീലകന്റെ പേരും നരേന്ദ്ര റാണയായിരുന്നു. അതേസമയം 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയിരുന്നു.
ഇക്കാര്യം ശ്രദ്ധിച്ച പാകിസ്താൻ താരം ബെർവാളിനോട് പറഞ്ഞു: ‘നിന്റെ പേര് നരേന്ദ്ര, നിന്റെ പരിശീലകന്റെ പേരും നരേന്ദ്ര, നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര. എനിക്ക് നരേന്ദ്ര എന്ന പേരിനോട് തന്നെ വെറുപ്പായി.’
ബെർവാൾ ഈ സംഭവം പ്രധാനമന്ത്രിയോട് വിവരിച്ചപ്പോൾ മോദിക്ക് ചിരിയടക്കാനായില്ല. വേദിയിലുണ്ടായിരുന്നവരും സംഭവത്തെ ആസ്വദിച്ചു.
കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് ശേഷം പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന താരങ്ങളുടെ അനുമോദന ചടങ്ങിനിടെയായിരുന്നു ബെർവാൾ ഈ അനുഭവം പങ്കുവെച്ചത്. ഗെയിംസിൽ ഇന്ത്യക്കായി വെള്ളിമെഡലാണ് ബെർവാൾ സ്വന്തമാക്കിയത്.
ഇന്ത്യൻ കായികതാരങ്ങളുടെ നേട്ടങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും താരങ്ങളുമായി വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. കായികമത്സരങ്ങളിലെ കടുത്ത പോരാട്ടങ്ങൾക്കിടയിലും താരങ്ങൾ പങ്കുവെച്ച ഇത്തരം സൗഹൃദപരമായ അനുഭവങ്ങൾ ചടങ്ങിന് വേറിട്ട നിറം പകർന്നു.




